ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു മേനോൻ. മന്ത്രിയെ വാളകത്തെ വീട്ടിൽ അതീവ മോശമായ സാഹചര്യത്തിൽ താൻ നേരിട്ടു കണ്ടുവെന്നും അതിന്റെ തെളിവുകൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും ഭാര്യ ബിന്ദു മേനോൻ വെളിപ്പെടുത്തി. തനിക്ക് ‘വട്ടാണെന്ന്’ വരുത്തിത്തീർക്കാൻ മന്ത്രി ശ്രമിക്കുന്നതിനാലാണ് ഇപ്പോൾ എല്ലാം തുറന്നു പറയുന്നതെന്നും അവർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകളോട് കാര്യങ്ങളെല്ലാം പറഞ്ഞതാണെന്നും ഇത് നേരത്തെ തന്നെ തുടങ്ങിയതാണെന്നും വര്‍ഷങ്ങളായി സഹിക്കുകയായിരുന്നുവെന്നും ബിന്ദു മാധ്യമങ്ങളോടു പറഞ്ഞു. രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെ വളരെ മോശം സാഹചര്യത്തിലാണ് കണ്ടത്. അവിടെ കണ്ടത് മോശമെന്ന് പറയുന്നതിനും അപ്പുറമുള്ള കാര്യങ്ങളാണ്. ഈ ദൃശ്യങ്ങൾ പകർത്തിയപ്പോൾ മന്ത്രിയുടെ സ്റ്റാഫുകൾ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും തന്നെ തടയുകയും ചെയ്തു.
മൊബൈൽ ഫോൺ സഹായിയായ ശാന്തൻ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ പ്രദീപ് എന്നയാൾ വാതിൽ അടച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീയെ ശാന്തൻ തന്നെയാണ് കാറിൽ കയറ്റി വിട്ടത്. ഇതിന് ശേഷം മന്ത്രി മുറിയിൽ കയറി വാതിൽ അടച്ചു. സാറിന് ഒരു തെറ്റ് പറ്റിപ്പോയി എന്ന് സെക്രട്ടറി മനോജ് പറഞ്ഞതായും ബിന്ദു പറഞ്ഞു.
സഹോദര ഭാര്യയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖയുടെ നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ സഹായം തേടിയത്. എന്നാൽ സംഭവസ്ഥലത്തെത്തിയ പൊലീസ് തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. എന്നാൽ നിലവിൽ നിയമനടപടികൾക്ക് താൻ താല്പര്യപ്പെടുന്നില്ലെന്നും ബിന്ദു മേനോൻ കൂട്ടിച്ചേർത്തു.
Bindu Menon, wife of Minister KB Ganesh Kumar, publicly comes out against him; She told everything to the Chief Minister’s daughter












