
ലണ്ടൻ: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ അടിയന്തര സാഹചര്യം. പറന്നുയർന്നതിന് പിന്നാലെ വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര സന്ദേശം (Squawk 7700) നൽകുകയും, തുടർന്ന് വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തു.
ബ്രിട്ടീഷ് എയർവേയ്സിന്റെ ബിഎ 295 നമ്പരുള്ള ബോയിംഗ് 777-200ഇആർ വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാവിലെ 11:50-നാണ് വിമാനം യാത്ര തിരിച്ചത്. എന്നാൽ അയർലൻഡിന് മുകളിൽ വെച്ച് വിമാനത്തിൽ അടിയന്തര സാഹചര്യം നേരിടുകയായിരുന്നു.
ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ‘ഫ്‌ളൈറ്റ് റഡാർ 24’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 37,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം മിനിറ്റുകൾക്കുള്ളിൽ 28,000 അടിയോളം താഴേക്ക് പതിച്ച് 9,000 അടി ഉയരത്തിലേക്ക് എത്തുകയായിരുന്നു. വിമാനത്തിൽ വായുമർദ്ദം കുറയുകയോ മറ്റ് സാങ്കേതിക തകരാറുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ പൈലറ്റുമാർ സ്വീകരിക്കുന്ന സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് സ്ക്വാക്ക് 7700 എന്ന സന്ദേശം നൽകുന്ന അടിയന്തര നടപടി.
വിമാനത്തിൽ പൊതുവായ അടിയന്തര സാഹചര്യമുണ്ടെന്ന് സൂചിപ്പിക്കുന്ന അന്താരാഷ്ട്ര അടയാളമായ ‘7700’ സ്ക്വാക്ക് കോഡ് സന്ദേശമാണ് പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിന് കൈമാറിയത്. തുടർന്ന് അമേരിക്കൻ യാത്ര റദ്ദാക്കി വിമാനം ലണ്ടനിലേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നു. ഹീത്രൂ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് സംവിധാനങ്ങൾ ഒരുക്കിയ ശേഷമാണ് വിമാനം സുരക്ഷിതമായി റൺവേയിലിറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരങ്ങൾ. എന്നാൽ വിമാനം ഇത്രയും വേഗത്തിൽ താഴേക്ക് ഇറങ്ങാനുണ്ടായ യഥാർത്ഥ സാങ്കേതിക തകരാറോ കാരണമോ എന്താണെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
British Airways flight bound for Chicago drops to 9,000 feet; emergency landing in London















