ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം

ന്യൂഡൽഹി: അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്
എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ
പാസ്‌പോർട്ട്, വിസ, ഒസിഐ കാർഡ് തുടങ്ങിയ യാത്രാരേഖകൾക്കൊപ്പം ഓൺലൈൻ
ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡുമായി ബന്ധപ്പെട്ട നിർദേശങ്ങളും
പ്രത്യേകം ശ്രദ്ധിക്കണം.

എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളുടെ
പശ്ചാത്തലത്തിലാണ് കോവിഡ് കാലത്ത് ഉപയോഗിച്ചിരുന്ന എയർ സുവിധ (Air
Suvidha) സംവിധാനം കേന്ദ്രസർക്കാർ വീണ്ടും നടപ്പിലാക്കിയത്.

എയർ സുവിധ നിർബന്ധം

ഇന്ത്യയിലേക്ക് വിമാനമാർഗം എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും Air
Suvidha 2.0 സംവിധാനത്തിലൂടെ ആരോഗ്യ സ്വയംപ്രഖ്യാപന ഫോം
(Self-Declaration Form) സമർപ്പിക്കണം. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ, ഒസിഐ
കാർഡ് ഉടമകൾ, വിദേശ വിനോദസഞ്ചാരികൾ, കുട്ടികൾ എന്നിവർക്കെല്ലാം ഈ നിബന്ധന
ബാധകമാണ്. എബോള ബാധിത രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലാത്തവരും ഫോം
പൂരിപ്പിക്കണം.

ഇന്ത്യയിൽ എത്തുന്നതിന് മുമ്പുള്ള 24 മണിക്കൂറിനുള്ളിൽ ഫോം
പൂരിപ്പിക്കാമെന്നാണ് നിലവിലെ നിർദേശം. പാസ്‌പോർട്ട് വിവരങ്ങൾ, വിമാന
നമ്പർ, കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, ട്രാൻസിറ്റ് രാജ്യങ്ങൾ,
ഇന്ത്യയിലെ താമസ വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ആരോഗ്യസ്ഥിതി,
രോഗലക്ഷണങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ രേഖപ്പെടുത്തേണ്ടത്.

ഫോം സമർപ്പിച്ചശേഷം ലഭിക്കുന്ന സ്ഥിരീകരണ രേഖ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയോ
പ്രിന്റ് എടുത്തു കരുതുകയോ ചെയ്യുന്നത് ഉചിതമാണ്.

എയർ സുവിധയുടെ ഔദ്യോഗിക വെബ്സൈറ്റ്: https://airsuvidha.civilaviation.gov.in/

ഒസിഐ കാർഡ് ഉടമകൾക്കും വിദേശ പാസ്‌പോർട്ട് ഉടമകൾക്കും രണ്ട് ഫോമുകൾ നിർബന്ധം

വിദേശ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ എയർ
സുവിധയ്ക്കു പുറമേ ഡിജിറ്റൽ ഇ-അറൈവൽ കാർഡും (e-Arrival Card)
പൂരിപ്പിക്കണം.

അമേരിക്കൻ, കനേഡിയൻ, ബ്രിട്ടീഷ്, യൂറോപ്യൻ, ഓസ്‌ട്രേലിയൻ, ന്യൂസിലൻഡ്
പാസ്‌പോർട്ടുകളുള്ള ഇന്ത്യൻ വംശജർക്കും ഒസിഐ കാർഡ് ഉടമകൾക്കും ഇന്ത്യൻ
വിസയിൽ യാത്ര ചെയ്യുന്ന വിദേശികൾക്കും ഈ വ്യവസ്ഥ ബാധകമാണ്.

ഇന്ത്യയിൽ എത്തുന്നതിന് മുമ്പുള്ള 72 മണിക്കൂറിനുള്ളിൽ ഇ-അറൈവൽ കാർഡ്
പൂരിപ്പിക്കാം. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന
പ്രവാസികൾക്ക് ഇ-അറൈവൽ കാർഡ് ആവശ്യമില്ല. എന്നാൽ എയർ സുവിധ ആരോഗ്യ
പ്രഖ്യാപനം സമർപ്പിക്കണം.

ഇ-അറൈവൽ കാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ്: https://indianvisaonline.gov.in/earrival/

രണ്ട് ഫോമുകളും സൗജന്യമായി പൂരിപ്പിക്കാവുന്നതാണ്. ഇ-അറൈവൽ കാർഡ് ഇന്ത്യൻ
വിസയ്ക്കോ ഒസിഐ കാർഡിനോ പകരമുള്ള രേഖയല്ല. അതിനാൽ വിദേശ പാസ്‌പോർട്ട്
ഉടമകൾ സാധുവായ ഇന്ത്യൻ വിസയോ ഒസിഐ കാർഡോ യാത്രയ്ക്കിടെ കരുതേണ്ടതാണ്.

എബോള പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ നടപടികൾ

ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതിനെ
തുടർന്ന് 2026 ജൂൺ 25-നാണ് കേന്ദ്രസർക്കാർ നവീകരിച്ച എയർ സുവിധ 2.0
സംവിധാനം അവതരിപ്പിച്ചത്. നവംബർ ആദ്യവാരം എല്ലാ അന്താരാഷ്ട്ര
യാത്രക്കാർക്കും ഈ ഫോം നിർബന്ധമാണെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വീണ്ടും
ഓർമിപ്പിച്ചിരുന്നു.

അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന്
സാധാരണ സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് പൊതുവായി കോവിഡ് വാക്സിനേഷൻ
സർട്ടിഫിക്കറ്റോ ആർടിപിസിആർ പരിശോധനാ ഫലമോ നിർബന്ധമല്ല. എന്നാൽ യാത്രാ
ചരിത്രവും രോഗലക്ഷണങ്ങളും പരിഗണിച്ച് അധിക ആരോഗ്യ പരിശോധനകൾക്ക്
വിധേയരാക്കാം.

ക്രിസ്മസ്, പുതുവത്സര അവധിക്കാലത്ത് നാട്ടിലേക്ക് യാത്ര
ചെയ്യാനൊരുങ്ങുന്ന പ്രവാസികൾ ഈ നിർദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
വിമാനത്താവളത്തിൽ അവസാന നിമിഷം ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി
ആവശ്യമായ ഫോമുകൾ മുൻകൂട്ടി പൂരിപ്പിക്കണം. ആരോഗ്യ സുരക്ഷാ നിർദേശങ്ങളിൽ
മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്കുമുമ്പ് ഔദ്യോഗിക
വെബ്സൈറ്റുകളും വിമാനക്കമ്പനികളുടെ ഏറ്റവും പുതിയ നിർദേശങ്ങളും
പരിശോധിക്കേണ്ടതാണ്.

More Stories from this section

family-dental
witywide