‘ബ്രിട്ടീഷ് വിദ്യാർത്ഥിയുടെ മരണം വിഭജനമുണ്ടാക്കാൻ ഉപയോഗിക്കരുത്’; യുഎസ് വൈസ് പ്രസിഡൻ്റിൻ്റെ കുടിയേറ്റ വിരുദ്ധ പരാമർശത്തിനെതിരെ യുകെ പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടീഷ് വിദ്യാർത്ഥി ഹെൻറി നൊവാക് (18) കുത്തേറ്റു മരിച്ച സംഭവത്തെ മുൻനിർത്തി വിദ്വേഷവും ഭിന്നതയും വളർത്താൻ ശ്രമിക്കുന്ന വിദേശ രാഷ്ട്രീയ നേതാക്കൾക്കെതിരെ യുകെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് ഉന്നയിച്ച കുടിയേറ്റ വിരുദ്ധ പരാമർശങ്ങൾക്കെതിരെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റ് രംഗത്തുവന്നത്.

ബ്രിട്ടനിലെ ജനാധിപത്യത്തിൽ ഇടപെടാനും ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും ചിലർ ശ്രമിക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് കുറ്റപ്പെടുത്തി. ഹെൻറിയുടെ മരണം കൂടുതൽ ഭിന്നതകൾ ഉണ്ടാക്കാൻ ഉപയോഗിക്കരുതെന്ന് അദ്ദേഹത്തിൻ്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് ഓർമ്മിപ്പിച്ചു. ഏറ്റവും ഭയാനകമായ സാഹചര്യങ്ങളിലും ജനങ്ങളെ ഒന്നിപ്പിക്കാനാണ് രാഷ്ട്രീയം ശ്രമിക്കേണ്ടതെന്നും അതാണ് ബ്രിട്ടൻ്റെ പാരമ്പര്യമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ഹെൻറി നൊവാക് എന്ന വിദ്യാർത്ഥി വിക്രം ദിഗ്വ എന്നയാളുടെ കുത്തേറ്റു മരിക്കുന്നത്. ഈ സംഭവത്തെ ‘കുടിയേറ്റക്കാരുടെ കൂട്ട അധിനിവേശം’ എന്ന് വിശേഷിപ്പിച്ചായിരുന്നു ജെഡി വാൻസിൻ്റെ എക്സ് പോസ്റ്റ്. യൂറോപ്യൻ ഭരണാധികാരികൾ സ്വയംവിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തിനും കുടിയേറ്റ അധിനിവേശത്തിനും എതിരെ നിലകൊണ്ടിരുന്നെങ്കിൽ ഹെൻറി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും, ഇതിനോടുള്ള ഒരേയൊരു പ്രതികരണം ‘നീതിപൂർവ്വമായ ക്രോധം’ ആയിരിക്കണമെന്നും വാൻസ് കുറിച്ചു. എന്നാൽ, കുറ്റവാളിയായ വിക്രം ദിഗ്വ ബ്രിട്ടനിൽ തന്നെ ജനിച്ചു വളർന്ന ആളാണെന്ന് ബ്രിട്ടീഷ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വാൻസിനു പുറമെ, എക്സ് ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്കും വിഷയത്തിൽ വിവാദ പരാമർശം നടത്തിയിരുന്നു. പൊലീസ് ഹെൻറിയോട് ക്രൂരമായി പെരുമാറിയെന്നും കൊലപാതകിക്ക് മുന്നിൽ കീഴടങ്ങിയെന്നും കാണിച്ച് വീഡിയോ പ്രചരിപ്പിക്കാൻ മസ്ക് ആഹ്വാനം ചെയ്തിരുന്നു. മസ്ക് ഭിന്നതയുണ്ടാക്കാൻ മനഃപൂർവ്വം ശ്രമിക്കുകയാണെന്ന് യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ കുറ്റപ്പെടുത്തി. യുകെയിലെ പൊലീസിംഗ് സംവിധാനത്തെക്കുറിച്ച് അമേരിക്കൻ രാഷ്ട്രീയക്കാരുടെ ഉപദേശം തങ്ങൾക്ക് ആവശ്യമില്ലെന്ന് ബ്രിട്ടീഷ് ചൈൽഡ് മിനിസ്റ്റർ ജോഷ് മക്അലിസ്റ്ററും വ്യക്തമാക്കി.

അതേസമയം, ഹെൻറി നൊവാക് മരിച്ചു കിടക്കുമ്പോൾ പൊലീസ് അദ്ദേഹത്തെ വിലങ്ങുവെക്കുന്ന ബോഡികാം ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് സതാംപ്ടണിൽ കഴിഞ്ഞ ദിവസം വൻ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. തനിക്കെതിരെ വംശീയ ആക്രമണം ഉണ്ടായെന്ന് പ്രതിയായ ദിഗ്വ നൽകിയ വ്യാജ പരാതി വിശ്വസിച്ചാണ് പൊലീസ് ഹെൻറിയെ വിലങ്ങുവെച്ചത്. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ 11 പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു പൊലീസ് നായയ്ക്കും പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കോടതിയിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ബ്രിട്ടനിൽ ന്യൂനപക്ഷ വിഭാഗങ്ങളോട് പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നു എന്ന തരത്തിലുള്ള ‘ടു-ടയർ പൊലീസിംഗ്’ ആരോപണവും ഇതോടെ ശക്തമായി. റിഫോം യുകെ പാർട്ടി നേതാവ് നൈജൽ ഫരാജ് ഉൾപ്പെടെയുള്ളവർ ഈ വിഷയം പാർലമെൻ്റിൽ ഉന്നയിച്ചു. എന്നാൽ, ഇത്തരം വിവേചനങ്ങൾ നിലവിലില്ലെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് ആക്ടിംഗ് ചീഫ് കോൺസ്റ്റബിൾ സ്കോട്ട് ഗ്രീൻ വ്യക്തമാക്കി.

തൻ്റെ സിഖ് മതവിശ്വാസത്തിൻ്റെ ഭാഗമായി കൊണ്ടുനടന്ന 21 സെന്റീമീറ്റർ നീളമുള്ള കത്തി ഉപയോഗിച്ചാണ് ദിഗ്വ ഹെൻറിയെ കൊലപ്പെടുത്തിയത്. കേസിൽ ദിഗ്വയ്ക്ക് കോടതി 21 വർഷത്തെ കുറഞ്ഞ ശിക്ഷയോടെ ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്. യുഎസും യുകെയും തമ്മിൽ സുരക്ഷാ കാര്യങ്ങളിൽ ശക്തമായ സഹകരണം തുടരുമ്പോഴും, യുകെയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള യുഎസ് നേതാക്കളുടെ ഇടപെടൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

‘British student’s death should not be used to create division’; UK PM slams US Vice President’s anti-immigration remarks

More Stories from this section

family-dental
witywide