അമേരിക്കയിൽ സ്വാമി വിവേകാനന്ദൻ്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു; സിയാറ്റിലിൽ പ്രതിഷേധവുമായി മാഗ അനുകൂലികൾ

സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിൽ നഗരമധ്യത്തിൽ സ്വാമി വിവേകാനന്ദൻ്റെ പൂർണ്ണകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. ശനിയാഴ്ച നടന്ന ചടങ്ങിൽ സിയാറ്റിൽ മേയർ കേറ്റി വിൽസണും ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്തയും ചേർന്നാണ് പ്രതിമ ജനങ്ങൾക്കായി തുറന്നുകൊടുത്തത്. പ്രതിദിനം നാല് ലക്ഷത്തോളം ആളുകൾ സന്ദർശിക്കുന്ന ഡൗൺടൗൺ സിയാറ്റിലിലെ വെസ്റ്റ്‌ലേക്ക് സ്ക്വയറിലാണ് ഈ ചരിത്ര സ്മാരകം സ്ഥാപിച്ചിരിക്കുന്നത്.

അമേരിക്കയിൽ ഒരു നഗരഭരണകൂടം നേരിട്ട് മുൻകൈ എടുത്ത് സ്ഥാപിക്കുന്ന ആദ്യത്തെ വിവേകാനന്ദ പ്രതിമയാണിതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ICCR) ആണ് പ്രതിമ സിയാറ്റിൽ നഗരത്തിന് സമ്മാനിച്ചത്. പ്രശസ്ത ഇന്ത്യൻ ശില്പി നരേഷ് കുമാർ കുമാവത്താണ് ഇത് നിർമ്മിച്ചത്.

അൺ-അമേരിക്കൻ’ എന്ന് വിമർശകർ

പ്രതിമയുടെ സ്ഥാപനം സാംസ്കാരിക കൂട്ടായ്മയുടെ അടയാളമായി വാഴ്ത്തപ്പെടുമ്പോഴും, ഒരു വിഭാഗം അമേരിക്കൻ പൗരന്മാർക്കിടയിൽ, പ്രത്യേകിച്ച് ‘മാഗ’ (MAGA – Make America Great Again) അനുകൂലികൾക്കിടയിൽ ഇത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. വിവേകാനന്ദന് അമേരിക്കയുമായോ സിയാറ്റിലുമായോ യാതൊരു ബന്ധവുമില്ലെന്നും ഇതൊരു അനാവശ്യമായ നടപടിയാണെന്നും വിമർശകർ വാദിക്കുന്നു. “അമേരിക്കൻ സംസ്‌കാരത്തിലേക്കുള്ള ലയനം ഇല്ലാതാകുകയാണ്. വിദേശികൾ വരികയും സ്വന്തം കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കുകയും ഒടുവിൽ തങ്ങൾ കീഴടക്കിയ പ്രദേശമെന്നോണം വിദേശ നേതാക്കളുടെ പ്രതിമകൾ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്,” എന്ന് ഒരാൾ കുറിച്ചു.

മറ്റൊരു ഉപയോക്താവ് ഡെമോക്രാറ്റിക് പാർട്ടിയെ വിമർശിച്ചുകൊണ്ട് പ്രതികരിച്ചത് ഇങ്ങനെയാണ്: “യൂണിയൻ ജനറലായിരുന്ന യുലിസസ് ഗ്രാൻ്റിൻ്റെ പ്രതിമകൾ തകർക്കാൻ അനുവദിച്ച ഡെമോക്രാറ്റുകൾ ഇപ്പോൾ ഒരു ഇന്ത്യൻ സ്വാമിയുടെ പ്രതിമ സ്ഥാപിക്കുന്നു. ഇത് തികച്ചും അൺ-അമേരിക്കൻ നടപടിയാണ്.”

എന്നാൽ, സ്വാമി വിവേകാനന്ദൻ്റെ സാർവത്രിക സാഹോദര്യത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്നുണ്ടെന്നും ഇന്ത്യ-അമേരിക്ക സാംസ്കാരിക ബന്ധത്തിൻ്റെ ഉത്തമ ഉദാഹരണമാണിതെന്നും അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. 1893-ലെ ഷിക്കാഗോ പ്രസംഗത്തിന് ശേഷം 2026-ൽ സിയാറ്റിലിലെ വിവേകാനന്ദ പ്രതിമ ഇന്ത്യയുടെ ആത്മീയ പൈതൃകത്തിൻ്റെ അടയാളമായി മാറുകയാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

Bronze statue of Swami Vivekananda unveiled in America; MAGA supporters protest in Seattle

More Stories from this section

family-dental
witywide