ഷിക്കാഗോ മലയാളി അസോസിയേഷൻ നാഷണൽ ആം റെസ്ലിങ് കോമ്പറ്റിഷൻ ശ്രദ്ധേയമായി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാഷണൽ ആം റെസ്ലിങ് കോമ്പറ്റിഷൻ ശ്രദ്ധേയമായി. അസോസിയേഷന്റെ ചരിത്രത്തിൽ, ആദ്യമായി നടത്തപ്പെട്ട ആം റെസ്ലിങ് മത്സരങ്ങൾ കാണുവാൻ വിവിധ സ്റ്റേറ്റുകളിൽ നിന്നുൾപ്പെടെ നിരവധിപേരാണ് എത്തിയത്. 2026 ജൂൺ മാസം 21-ആം തീയതി ഡെസ്‌പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെട്ട മത്സരങ്ങൾ പ്രശസ്ത സിനിമനടനും മലയാളത്തിലെ ആക്ഷൻ ഹീറോയുമായ ശ്രീ ബാബു ആന്റണിഉദ്‌ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ സാന്നിധ്യവും പിന്തുണയുംപരിപാടിക്ക് കൂടുതൽ പ്രൗഢി പകർന്നു.

ലൈറ്റ് വെയിറ്റ്, മിഡിൽ വെയിറ്റ്, സൂപ്പർ വെയിറ്റ് എന്നീ മൂന്ന് വിഭാഗങ്ങളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 25 ൽ പരം ടീമുകൾ പങ്കെടുത്തു. ആവേശകരമായ മത്സരങ്ങൾക്ക് ഒടുവിൽ ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ അനൂപ് ജോസഫ് ഒന്നാം സ്ഥാനവും ജെറിൻ ജോസഫ് രണ്ടാം സ്ഥാനവും നേടി. മിഡിൽ വെയിറ്റ് വിഭാഗത്തിൽ ഡോൺ സഖറിയ ജേതാവായപ്പോൾ ഡിബിൻ ജോസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സൂപ്പർ വെയിറ്റ് വിഭാഗത്തിൽ പ്രദീപ് ഡേവിസ് ഒന്നാംസ്ഥാനവും മെബിൻ അബ്രഹാം രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫികളും പുരസ്കാരങ്ങളും സമ്മാനിച്ചു.

ആം റെസ്ലിങ് മത്സരങ്ങളുടെ കോഓർഡിനേറ്റർ ആയി അഭിലാഷ്നെല്ലാമറ്റം, റഫറിമാരായി ആഷ്ലി ജോൺ, ജെസ്സ്‌മോൻ പുറമഠം, റഫറി സപ്പോർട്ട് പ്രിൻസ് ഈപ്പൻ, രെജിസ്ട്രേഷൻ -സൂസൻ ചാക്കോ, ബീനജോർജ്, വെയിറ്റ് മാനേജ്‌മെന്റ്റ് – മനോജ് അച്ചേട്ട്, ഗെയിം കണ്ടക്ടർസ് -സഞ്ചു മാത്യു, മാത്യൂസ് എബ്രഹാം, ടൈം മാനേജ്‌മെന്റ്- ജിനോയ് മാത്യു, ഫസ്റ്റ് എയ്ഡ് -ഷൈനി ഹരിദാസ്, സായി പുല്ലാപ്പള്ളിൽ, ട്രോഫി- വർഗീസ് തോമസ്, ഫെസിലിറ്റി സപ്പോർട്ട്- ഫിലിപ്പ് പുത്തൻപുരയിൽ, വർഗീസ് തോമസ് എന്നിവർ പ്രവർത്തിച്ചു. പരിപാടിയുടെ മുഖ്യ സ്പോൺസറായിരുന്ന തോമസ്നെല്ലാമറ്റത്തിനും സഹ സ്പോൺസറായിരുന്ന അങ്കിത് സോണിക്കും ഷിക്കാഗോ മലയാളി അസോസിയേഷൻ ഭരണസമിതി ഹൃദയംഗമമായനന്ദി രേഖപ്പെടുത്തി.

അവരുടെ ഉദാരമായ പിന്തുണയും സാമൂഹികപ്രതിബദ്ധതയും പരിപാടിയുടെ വിജയത്തിന് ശക്തമായ അടിത്തറയായിമാറിയതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെകൂട്ടായ്മയും കായികമനോഭാവവും ഉയർത്തിപ്പിടിക്കുന്ന ഇത്തരംസംരംഭങ്ങൾക്ക് അവർ നൽകിയ പ്രോത്സാഹനം മാതൃകാപരമാണെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി. അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ്ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ,ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ എന്നിവർ സ്പോൺസർമാർക്കും മത്സരാർത്ഥികൾക്കും വിധികർത്താക്കൾക്കും സന്നദ്ധപ്രവർത്തകർക്കും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.

ആവേശവും സൗഹൃദവും കായിക മനോഭാവവും ഒരുപോലെ നിറഞ്ഞുനിന്ന ഈ മത്സരം ഷിക്കാഗോ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ പ്രവർത്തനശേഷിയുടെയും ഉജ്ജ്വലമായ ഉദാഹരണമായി മാറി. മത്സരവിജയങ്ങളുടെ തിളക്കത്തിനപ്പുറം പരസ്പര സഹകരണത്തിന്റെയും സൗഹൃദബന്ധങ്ങളുടെയും പുതിയ അധ്യായങ്ങൾ കുറിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്. പങ്കെടുത്തവരുടെയും കാണികളുടെയും മനസ്സിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച ഈ കായികമാമാങ്കം ഭാവിയിലും കൂടുതൽ വിപുലമായരീതിയിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Chicago Malayali Association National Arm Wrestling Competition was notable