
ബീജിംഗ്: ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങൾ സൈനിക നീക്കങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ചൈന. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സാമ്പത്തിക വളർച്ചയ്ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുവായ താല്പര്യമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.
ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള ഊർജ്ജ വിപണിയെ ഗുരുതരമായി ബാധിക്കുമെന്ന് ചൈന ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനത്തിലധികം കടന്നുപോകുന്ന ഈ പാതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. സംഘർഷം കൂടുതൽ വഷളാകുന്നത് തടയാനും പ്രാദേശിക അസ്ഥിരത ഒഴിവാക്കാനും ബന്ധപ്പെട്ട കക്ഷികൾ ഉടൻ ചർച്ചകൾക്ക് തയ്യാറാകണമെന്നും ചൈനീസ് വക്താവ് എക്സിലൂടെ (X) ആവശ്യപ്പെട്ടു.
ചൈനയെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്ക് അതീവ പ്രാധാന്യമുള്ളതാണ്. ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പകുതിയോളം ഭാഗവും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) 29 ശതമാനവും ഈ പാതയിലൂടെയാണ് എത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഖത്തറിൽ നിന്നുള്ള എൽഎൻജി കയറ്റുമതി തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ കടുത്ത നിയന്ത്രണങ്ങൾ ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











