ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി(സിജെപി)യുടെ നേതൃത്വത്തിൽ ശനിയാഴ്ച നടക്കുന്ന ‘ചലോ ഡൽഹി’ പ്രതിഷേധത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് വ്യാപക നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തി. ജന്തർ മന്തറിന് സമീപം ഒക്ടോബർ ഒൻപതിന് രാത്രി 10 മുതൽ 24 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും തടസ്സപ്പെടും. ജനപഥ്–കർത്തവ്യ പഥ് ജങ്ഷന്റെ നാലു കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ഒക്ടോബർ 10ന് രാത്രി 10 വരെ നിയന്ത്രണം തുടരാൻ ഡൽഹി പൊലീസ് ഉത്തരവിട്ടു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെയാണ് പ്രത്യേക സെൽ ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവിറക്കിയത്. എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ, എംടിഎൻഎൽ ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിശ്ചിത പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മാത്രമായിരിക്കും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങളെ ഇത് ബാധിക്കില്ല.
എസ്ഐആര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ഒക്ടോബർ ഒൻപതിന് രാത്രി ഒൻപതു മുതൽ 57 മെട്രോ സ്റ്റേഷനുകളിലെ പ്രവേശനവും പുറത്തേക്കുള്ള വഴികളും അടച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ഒക്ടോബർ 10നും തുടർന്നുള്ള അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരും. ന്യൂഡൽഹി മെട്രോ സ്റ്റേഷൻ ഒഴികെ ബാധിക്കപ്പെട്ട സ്റ്റേഷനുകളിൽ ഇന്റർചേഞ്ച് സൗകര്യം ലഭ്യമാകും.
ജന്തർ മന്തറിലെ പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്രസേനയിലെ 26,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനും അതീവ ശ്രദ്ധ ആവശ്യമുള്ള പ്രദേശങ്ങളിലെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ഡല്‍ഹി പൊലീസ് ന്യൂഡല്‍ഹിയെ 20 മേഖലകളായി തിരിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ജനപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, ന്യൂഡൽഹി, മണ്ഡി ഹൗസ്, ഐടിഒ, ഡൽഹി ഗേറ്റ്, ഖാൻ മാർക്കറ്റ്, സുപ്രീം കോടതി, ഇന്ദ്രപ്രസ്ഥ, ഐഎൻഎ, ഹൗസ് ഖാസ്, ലജ്പത് നഗർ, കശ്മീരി ഗേറ്റ്, കരോൾ ബാഗ്, ജാമ മസ്ജിദ്, വിശ്വവിദ്യാലയ, സീലംപുർ, ഷഹ്ദര, രോഹിണി വെസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിലാണ് നിയന്ത്രണം.
ലോക് കല്യാൺ മാർഗ്, ജോർ ബാഗ്, ജംഗ്പുര, ആശ്രമം, ജാമിയ മില്ലിയ ഇസ്‌ലാമിയ, ഒഖ്‌ല വിഹാർ, സിവിൽ ലൈൻസ്, ജിടിബി നഗർ, ആദർശ് നഗർ, ജഹാംഗീർപുരി, വെൽക്കം, യമുന വിഹാർ, ഋത്താല എന്നിവയും പട്ടികയിലുണ്ട്. രണ്ട് മെട്രോ ലൈനുകളിലുമുള്ള ഐഎൻഎ സ്റ്റേഷനിലും നിയന്ത്രണമുണ്ടാകും. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും കസ്റ്റഡിയിലെടുത്തതായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. “ഭീഷണിപ്പെടുത്തിയാൽ ഞങ്ങൾ പിന്മാറില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.
മെട്രോ സ്റ്റേഷനുകൾ അടച്ചതും റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സുപ്രീം കോടതിയും ശ്രദ്ധയിൽപ്പെടുത്തി. യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ റോഡ് അടയ്ക്കുന്ന നടപടികൾ പുനഃപരിശോധിക്കണമെന്ന് കോടതി അധികൃതരോട് ആവശ്യപ്പെട്ടു. പ്രതിഷേധം കാരണം മധ്യ ഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപം ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ശനിയാഴ്ച രാവിലെ നാലു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ട എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.
സുരക്ഷാ നടപടികളുടെ ഭാഗമായി ന്യൂഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി ജില്ലകളിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയായി തലസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും രണ്ടു ദിവസത്തേക്ക് അടച്ചിടാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
CJP protest at Jantar Mantar; widespread restrictions in the national capital, 24-hour internet suspension.









