ഒക്ടോബർ 2ലെ പ്രതിഷേധം: സൗരവ് ദാസിന് പിന്നാലെ അഭിജീത് ദീപ്കെ, ആശുതോഷ് റാങ്ക എന്നിവർക്കും ലുക്കൗട്ട് സർക്കുലർ

മുംബൈ: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, സഹകൺവീനർ ആശുതോഷ് റാങ്ക എന്നിവർക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച് മുംബൈ പോലീസ്. നേരത്തെ സംഘടനാ നേതാവ് സൗരവ് ദാസിനെതിരെയും സമാന നടപടി സ്വീകരിച്ചിരുന്നു.

ഒക്ടോബർ രണ്ടിന് മുംബൈയിലെ ദാദറിലുള്ള ശിവാജി പാർക്കിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. അനുമതി നിഷേധിച്ചിട്ടും സിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചതിനെത്തുടർന്ന് ഒക്ടോബർ മൂന്നിന് ശിവാജി പാർക്ക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിഷേധത്തിന്റെ സംഘാടകരെ കൂടാതെ 400 മുതൽ 500 വരെ തിരിച്ചറിയാത്ത ആളുകളെയും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നവംബർ 23ന് രാത്രി ലണ്ടനിലേക്ക് പോകുന്നതിനായി ഡൽഹി വിമാനത്താവളത്തിലെത്തിയ സൗരവ് ദാസിനെ അധികൃതർ തടഞ്ഞിരുന്നു. ഓക്സ്ഫഡിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനായിരുന്നു യാത്രയെന്നും പാസ്‌പോർട്ട് രേഖകളിലെ ക്രമക്കേടുകൾ ആരോപിച്ച് യാത്ര തടഞ്ഞുവെന്നുമാണ് സൗരവ് ദാസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.

വ്യാഴാഴ്ച നടന്ന കോടതി നടപടികൾക്കിടെ മുംബൈ പോലീസിന്റെ ആവശ്യപ്രകാരമാണ് സൗരവ് ദാസിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചതെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ വ്യക്തമാക്കി.

സൗരവ് ദാസിന്റെ വിദ്യാഭ്യാസം, വിലാസം, മാതാപിതാക്കളുടെ വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പാസ്‌പോർട്ട് രേഖകളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് അധികൃതരുടെ ആരോപണം. ഇത് അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വം സംബന്ധിച്ച് സംശയങ്ങളുയർത്തുന്നുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു.

എന്നാൽ, യാത്ര തടയുന്നതിന് മുമ്പ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച വിവരം അറിയിച്ചിരുന്നില്ലെന്ന് സൗരവ് ദാസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഖിൽ സിബൽ വാദിച്ചു. വിമാനത്താവളത്തിലെത്തിയ ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. യാത്ര തടയാനുള്ള ഉത്തരവിനെക്കുറിച്ച് മുൻകൂട്ടി അറിയിക്കാതെ ഒരു പൗരനെ എങ്ങനെ യാത്ര ചെയ്യുന്നതിൽനിന്ന് വിലക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ലുക്കൗട്ട് സർക്കുലറിന്റെ പകർപ്പ് കൈമാറാനാകില്ലെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനെതിരെ സൗരവ് ദാസിന് പ്രത്യേക നിയമനടപടി സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

More Stories from this section

family-dental
witywide