
ന്യൂഡൽഹി: പാസ്പോർട്ട് വിവരങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സഹ-സ്ഥാപകൻ സൗരവ് ദാസിനെതിരെ മുംബൈ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനെത്തിയ തന്നെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞതിനെതിരെ സൗരവ് ദാസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
2019-ൽ എടുത്ത പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള ജന്മസ്ഥലവുമായി ബന്ധപ്പെട്ട് ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഇത് അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വത്തെ തന്നെ ബാധിച്ചേക്കാവുന്ന വിഷയമാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. നിയമനിർവഹണ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് നവംബർ 23-ന് സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നും അതുവരെ പാസ്പോർട്ട് ഉപയോഗിക്കരുതെന്നും നോട്ടീസിൽ നിർദ്ദേശിച്ചിരുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, തനിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അധികൃതർ അറിയിച്ചിരുന്നില്ലെന്ന് സൗരവ് ദാസിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പാസ്പോർട്ട് സസ്പെൻഡ് ചെയ്യുന്നതിനോ കണ്ടുകെട്ടുന്നതിനോ ഉള്ള ഔദ്യോഗിക ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, കാരണം കാണിക്കൽ നോട്ടീസ് മാത്രം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശയാത്ര തടയാനാകില്ലെന്നും ഹർജിയിൽ പറയുന്നു.
വാദം കേട്ട ജസ്റ്റിസ് അമിത് മഹാജൻ വിഷയത്തിൽ കേന്ദ്ര സർക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും റീജിയണൽ പാസ്പോർട്ട് ഓഫീസർക്കും നോട്ടീസ് അയച്ചു. കേസ് വിശദമായ വാദത്തിനായി ഡിസംബർ 9-ലേക്ക് മാറ്റി.
Lookout notice issued against Sourav Das; Centre informs High Court of irregularities in passport















