നതാൻസിന് പിന്നാലെ ഇസ്‌ഫഹാനിലെ ആണവനിലയത്തിന് സമീപവും നാശനഷ്ടങ്ങൾ; ആണവ ചോർച്ചാ ഭീഷണിയില്ലെന്ന് സ്ഥിരീകരണം

ടെഹ്റാൻ: ഇറാനിലെ ഇസ്‌ഫഹാനിലുള്ള ആണവനിലയത്തിന് സമീപത്തെ രണ്ട് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, ആണവ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന പ്രധാന പ്ലാന്റുകൾക്ക് യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്നും റേഡിയോ ആക്ടീവ് ചോർച്ചയ്ക്കുള്ള സാധ്യത നിലവിലില്ലെന്നും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഐഎഇഎ (IAEA) അറിയിച്ചു.

ഇറാനിലെ പ്രമുഖ ആണവ കേന്ദ്രമായ നതാൻസിലോ മറ്റ് അനുബന്ധ സൈറ്റുകളിലോ കൂടുതൽ നാശനഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് ഐഎഇഎ എക്‌സിലൂടെ വ്യക്തമാക്കി. ബുഷെർ ഉൾപ്പെടെയുള്ള ഇറാന്റെ മറ്റ് പ്രധാന ആണവ നിലയങ്ങളും സുരക്ഷിതമാണെന്ന് യുഎൻ ഏജൻസി കൂട്ടിച്ചേർത്തു. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആണവ കേന്ദ്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആഗോളതലത്തിൽ ഉയർന്ന ആശങ്കകൾക്ക് ഇതോടെ അറുതിയായിരിക്കുകയാണ്.

ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നും നതാൻസിലെ പ്രവേശന കവാടത്തിലുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വ്യക്തമാക്കി. എന്നാൽ പ്ലാന്റിനുള്ളിൽ റേഡിയോ ആക്ടീവ് ചോർച്ചയോ മറ്റ് ഗുരുതരമായ ആഘാതങ്ങളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നതായി സൂചനകളൊന്നുമില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ ഏജൻസി മേധാവി റാഫേൽ ഗ്രോസി കഴിഞ്ഞ തിങ്കളാഴ്ച അറിയിച്ചിരുന്നുവെങ്കിലും പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഇതിന് വിരുദ്ധമായ തെളിവുകളാണ് പുറത്തുവിടുന്നത്.

പ്രധാനപ്പെട്ട ഒരു വെയർഹൗസിനും രണ്ട് ചെറിയ കെട്ടിടങ്ങൾക്കും നേരെ ആക്രമണമുണ്ടായതായി ‘വാന്റർ’ എന്ന സ്പേഷ്യൽ ഇന്റലിജൻസ് കമ്പനി പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമാണ്. കനത്ത സുരക്ഷയുള്ള ഈ ആണവ കേന്ദ്രത്തിൽ ആറ് ഉപരിതല കെട്ടിടങ്ങളും മൂന്ന് ഭൂഗർഭ കെട്ടിടങ്ങളുമാണുള്ളത്. ഏകദേശം 50,000 സെൻട്രിഫ്യൂജുകൾ സൂക്ഷിക്കാൻ ശേഷിയുള്ളതാണ് ഇതിലെ രണ്ട് ഭൂഗർഭ നിലയങ്ങൾ. കഴിഞ്ഞ ജൂണിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ ഈ നിലയത്തിന്റെ ചില ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു. നിലവിലെ ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതികളെ എത്രത്തോളം ബാധിക്കുമെന്ന് ആഗോള സമൂഹം ഉറ്റുനോക്കുകയാണ്.

More Stories from this section

family-dental
witywide