സുപ്രീംകോടതി ഉത്തരവിന് പിന്നാലെയും ഡൽഹിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നത് തുടരുന്നു; കൊണാട്ട് പ്ലേസിൽ 100 പേർ അറസ്റ്റിൽ

സമാധാനപരമായി പ്രതിഷേധിക്കുന്ന ആയുധങ്ങളില്ലാത്തവരെ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ കസ്റ്റഡിയിലെടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഡൽഹിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നത് തുടർന്ന് പൊലീസ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം പുനരാരംഭിക്കാൻ വിവിധ സംഘങ്ങൾ എത്തിയതോടെ കൊണാട്ട് പ്ലേസിന് സമീപം നിരവധി പേരെ ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു.

നൂറോളം പ്രതിഷേധക്കാരെ രണ്ട് ബസുകളിലായി കയറ്റി പ്രദേശത്തുനിന്ന് മാറ്റി. പ്രതിഷേധക്കാരനാണെന്ന സംശയത്തിൽ ഒരു ബർഗർ കടയിൽനിന്ന് ഒരാളെ പൊലീസ് പിടിച്ചിറക്കി. സ്ഥലത്ത് നിൽക്കുക മാത്രമായിരുന്നുവെന്നും പൊലീസിനൊപ്പം പോകില്ലെന്നും ഇയാൾ പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നീട് ഇയാളെ പൊലീസ് വിട്ടയച്ചു. ആർ.കെ. ആശ്രമിന് സമീപം നാല് മാധ്യമപ്രവർത്തകരെയും അൽപസമയത്തേക്ക് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു.

പ്രതിഷേധക്കാരെ കൊണ്ടുപോകുന്നതിനായി നിരവധി ഒഴിഞ്ഞ ബസുകളും പ്രദേശത്ത് എത്തിച്ചിരുന്നു. ഇതിനിടെ സ്ഥലത്ത് ജനക്കൂട്ടം വർധിച്ചു. ശനിയാഴ്ച ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുന്നോടിയായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഒക്ടോബർ 9ലെ കോടതി ഉത്തരവ് പാലിച്ചില്ലെന്നതും ഉൾപ്പെടെ, കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കൽ, സഞ്ചാരസ്വാതന്ത്ര്യത്തിന് നിയന്ത്രണം, ഇന്റർനെറ്റ് സേവനം നിർത്തിവയ്ക്കൽ തുടങ്ങിയ ആരോപണങ്ങളുമായി സമർപ്പിച്ച ഹർജികളിൽ അടിയന്തര വാദം കേട്ട ശേഷമാണ് സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ച്, സമാധാനപരമായി പ്രതിഷേധിക്കുന്ന ആയുധങ്ങളില്ലാത്തവരെ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചല്ലാതെ കസ്റ്റഡിയിലെടുക്കരുതെന്ന് വ്യക്തമാക്കി. ഡൽഹിയിലെ മെട്രോ, റെയിൽവേ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്നും ഇന്റർനെറ്റ് ബന്ധം തടസ്സപ്പെടുത്തരുതെന്നും ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സുപ്രീംകോടതിയുടെയും മറ്റ് കോടതി സമുച്ചയങ്ങളുടെയും പരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള അറിയിപ്പ് നീക്കാനും ഉത്തരവിട്ടു. നീതിന്യായ സംവിധാനത്തെ സമീപിക്കുന്നതിനുള്ള തടസ്സമില്ലാത്ത അവസരം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

അതേസമയം, പൊലീസിന്റെ നടപടി അടിസ്ഥാന നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പറഞ്ഞു. “സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ ബലപ്രയോഗം നടത്തി. ഈ പ്രക്ഷോഭത്തെ തകർക്കാൻ എത്ര ശ്രമിച്ചാലും അത് കൂടുതൽ ശക്തിയോടെ വളരുകയേയുള്ളൂ. ഞങ്ങൾ സമാധാനപരമായി പ്രതിഷേധം തുടരും. ഇത്തരം നടപടികൾ പ്രതിഷേധത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയേ ചെയ്യൂ,” അദ്ദേഹം പറഞ്ഞു.

അഭിജിത് ദിപ്‌കെയെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് വിമാനത്തിനുള്ളിലേക്ക് കയറിയതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. വിമാനത്തിൽ കയറാൻ എന്തായിരുന്നു ഇത്ര ധൃതി? അവർ വിമാനം തട്ടിയെടുക്കാൻ വന്നവരാണോ? ഇത് വ്യോമയാന മേഖലയിലെ അടിസ്ഥാന ചട്ടങ്ങളുടെ ലംഘനമാണ് എന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. ശനിയാഴ്ച ഡൽഹിയിൽ പ്രതിഷേധം നടത്താനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് 20ലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Detentions continue in Delhi despite Supreme Court order, 100 held from Connaught Place

More Stories from this section

family-dental
witywide