
ചെന്നൈ: സുപ്രീം കോടതി നിർദ്ദേശപ്രകാരം മധുര തിരുപ്പറംകുൺട്രം ദീപത്തൂണിൽ കാർത്തികദീപം തെളിച്ചു. സുപ്രീം കോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിലായിരുന്നു ചടങ്ങ് നടന്നത്. ഒരു മണിക്കൂർ നേരത്തേക്കാണ് ദീപം തെളിച്ചുനിർത്തുന്നത്. ദീപത്തൂണിന് സമീപം 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. നേരത്തെ പെരിയ രഥ വീഥിക്ക് സമീപം ദർഗയിലേക്ക് തിരിയുന്നിടത്ത് ഭക്തരെ പൊലീസ് തടഞ്ഞിരുന്നു.
നവംബർ 24-ന് ഒരു തവണത്തേക്ക് ദീപം തെളിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിരുന്നില്ല. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കവെ, ക്ഷേത്ര ഭരണസമിതിയെ താൽക്കാലികമായി ചുമതലയിൽ നിന്ന് മാറ്റിയാണ് ജഡ്ജിമാരായ അരവിന്ദ് കുമാർ, വിപുൽ പഞ്ചോളി എന്നിവരുടെ ബെഞ്ച് റിസീവർമാരെ നിയമിച്ചത്. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ദീപം തെളിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ ചീഫ് സെക്രട്ടറി, ഡി.ജി.പി, മധുര കളക്ടർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ, ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. കോടതി ഉത്തരവ് ആർക്കും ദുർബലപ്പെടുത്താനാവില്ലെന്നും ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാനുള്ള നീക്കം തടയുമെന്നും കോടതി താക്കീത് നൽകി.
കുന്നിൻ മുകളിലെ ദർഗയുടെ 50 മീറ്റർ അകലെയുള്ള ദീപത്തൂണിൽ വിളക്കുകൊളുത്താൻ അനുമതി തേടി ഹിന്ദുസംഘടനകൾ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൽ നൽകിയ ഹർജിയോടെയാണ് തർക്കം ആരംഭിച്ചത്. പരമ്പരാഗതമായി മറ്റൊരു സ്ഥലത്താണ് ആചാരം നടത്തിയിരുന്നതെന്ന ക്ഷേത്ര ഭരണസമിതിയുടെ വാദവും, ദീപത്തൂൺ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സർവേ കല്ല് മാത്രമാണെന്ന സർക്കാർ വാദവും തള്ളിയാണ് ഹൈക്കോടതി നേരത്തെ ദീപം കൊളുത്താൻ അനുമതി നൽകിയത്. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Supreme Court Order Implemented; Karthika Deepam Lit at Madurai Thiruparankundram Deepathoon














