
ഇറാനെ സാമ്പത്തികമായും നയതന്ത്രപരമായും പ്രതിരോധത്തിലാക്കാൻ പുതിയ നീക്കങ്ങളുമായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് (IMEC) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് ട്രംപ് രംഗത്തെത്തിയത്. ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രധാന കപ്പൽപ്പാതകളിൽ തടസ്സങ്ങൾ തുടരുകയും ആഗോള ഊർജ പ്രതിസന്ധി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ സുരക്ഷിതമായി വഴിതിരിച്ചുവിടാൻ ഈ ഇടനാഴി സഹായിക്കുമെന്നാണ് യു.എസ്. ഭരണകൂടത്തിന്റെ വിലയിരുത്തൽ.
അയൽരാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങൾ കാരണം ഊർജ അടിസ്ഥാന സൗകര്യങ്ങൾ ഇറാന്റെ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. പൈപ്പ്‌ലൈനുകളിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ എണ്ണ പുറത്തെത്തിക്കാൻ ഈ സാമ്പത്തിക ഇടനാഴി സഹായിക്കുമെന്നും, ഒരു പതിറ്റാണ്ടായി മേഖല നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം വാഷിങ്ടണിൽ വ്യക്തമാക്കി. 2023 സെപ്റ്റംബറിലെ ഡൽഹി ജി20 ഉച്ചകോടിയിലാണ് ഈ ചരിത്രപ്രധാനമായ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
ഇന്ത്യയിൽ നിന്ന് കപ്പൽ മാർഗം ഗൾഫ് രാജ്യങ്ങളിലേക്കും അവിടെനിന്ന് റെയിൽവേ ശൃംഖല വഴി യൂറോപ്പിലേക്കും ചരക്കുഗതാഗതം സാധ്യമാക്കുന്നതാണ് ഈ ബൃഹദ് പദ്ധതി. ദക്ഷിണേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ് മേഖലകൾ തമ്മിലുള്ള വ്യാപാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിക്ക് ശക്തമായ ബദൽ സൃഷ്ടിക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യ, യു.എസ്, സൗദി അറേബ്യ, യു.എ.ഇ, ഫ്രാൻസ്, ജർമനി, ഇസ്രായേൽ തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമാണ്.
Donald Trump Backs India-Middle East-Europe Economic Corridor to Counter Iran















