
ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയിൽ ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ലോകത്തെ ഭീകരതയുടെ പ്രധാന പ്രായോജകരാണെന്നും അരനൂറ്റാണ്ടിലേറെയായി രക്തച്ചൊരിച്ചിലിലൂടെ ലോകത്തെ ഭീതിയിലാഴ്ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തെ ഇറാന്റെ പരമോന്നത നേതാവ് ആഘോഷിച്ചതായി കുറ്റപ്പെടുത്തിയ ട്രംപ്, തന്നോട് കരാറുണ്ടാക്കാൻ വിസമ്മതിച്ചതിന്റെ പ്രത്യാഘാതങ്ങളാണ് ഇറാൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും വ്യക്തമാക്കി.
‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിലൂടെ ഇറാന്റെ സൈനികശേഷിയും വ്യോമ-നാവിക സേനകളും തകർക്കപ്പെട്ടെന്നും സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനെ പൂർണമായി നശിപ്പിക്കണമോ എന്നതാണ് തനിക്ക് മുന്നിലുള്ള വലിയ തീരുമാനമെന്നും ഇറാന് ഒരിക്കലും ആണവായുധം അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. അതേസമയം, ഇറാൻ യുദ്ധവും റഷ്യ-യുക്രൈൻ യുദ്ധവും അവസാനിപ്പിക്കുമെന്നും നിരവധി സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ശ്രമിച്ചതിന് ലോകം തന്നോട് നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെ തകർത്തെറിയണോ, അതോ കരാറിലെത്തണോ എന്നും ട്രംപ് ചോദിച്ചു. നവംബർ 3 ന് നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. ഇടക്കാല തിരഞ്ഞെടുപ്പിൽ തന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ഇറാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതു സംഘർഷത്തിൽ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് പ്രസംഗിക്കാൻ തുടങ്ങിയതോടെ യു എന്നിലെ ഇറാനിയൻ പ്രതിനിധി സംഘം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
തന്റെ ഭരണത്തിൻ കീഴിൽ അമേരിക്ക ചരിത്രത്തിലെ ഏറ്റവും ശക്തമായ സുവർണകാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. രാജ്യത്തേക്ക് 21 ട്രില്യൺ ഡോളറിലധികം നിക്ഷേപം എത്തിയെന്നും അനധികൃത കുടിയേറ്റം പൂജ്യമായി കുറച്ച് അതിർത്തി പൂർണ്ണമായും സുരക്ഷിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് ആയുധങ്ങളുടെ യാതൊരു ക്ഷാമവുമില്ലെന്നും ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി യു.എസ്. പ്രസിഡന്റ് യു.എൻ. വേദിയിൽ വ്യക്തമാക്കി.
Donald Trump Warns Iran at UN General Assembly; Vows to End Ongoing Conflicts















