തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കത്തിൽ കേരള ബിജെപിയുടെ സീൽ: പിഴവ് സമ്മതിച്ച് കമ്മീഷൻ, ക്ലെറിക്കൽ പിഴവെന്ന വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതൊരു സാങ്കേതികമായ ക്ലെറിക്കൽ പിശക് മാത്രമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പമുള്ള പഴയ കത്തിന്റെ പകർപ്പാണ് അശ്രദ്ധമൂലം മറ്റ് പാർട്ടികൾക്കും അയച്ചുപോയതെന്ന് കമ്മീഷൻ അറിയിച്ചു.

മാർച്ച് 21-ന് തന്നെ ഈ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ ആ നിർദ്ദേശം പിൻവലിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും തിരുത്തൽ അറിയിപ്പ് നൽകിയതായും സിഇഒ ഓഫീസ് വ്യക്തമാക്കി. എന്നാൽ സംഭവത്തിന് പിന്നാലെ കമ്മീഷനെതിരെ കടുത്ത രാഷ്ട്രീയ ആരോപണവുമായി സിപിഎം രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും ബിജെപിയും കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ സിപിഎം ചോദിച്ചു. ദേശീയതലത്തിൽ കമ്മീഷനെതിരെ ഉയരുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവമെന്നും സിപിഎം കുറ്റപ്പെടുത്തി.

ക്ലെറിക്കൽ പിഴവ് ഉയർത്തിക്കാട്ടി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പുറത്തുനിന്നുള്ള മറ്റൊരു ശക്തിക്കും ഇടപെടാൻ സാധിക്കാത്ത വിധം പഴുതടച്ച സംവിധാനമാണ് കമ്മീഷൻ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികളുമായി കമ്മീഷൻ മുന്നോട്ട് പോകുമെന്നും അധികൃതർ വ്യക്തമാക്കി.

Election Commission admits clerical error over BJP seal on official letter; CEO issues clarification amid row

More Stories from this section

family-dental
witywide