കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അവസാനിച്ചു. ഇതുവരെ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തുടനീളം 1269 പത്രികകളാണ് ലഭിച്ചിരിക്കുന്നത്. അന്തിമ വിവരങ്ങൾ ക്രോഡീകരിക്കുന്നതോടെ പത്രികകളുടെ എണ്ണത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം. പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം പത്രിക സമർപ്പിച്ചു കഴിഞ്ഞതോടെ സംസ്ഥാനത്ത് ഇനി പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിന് ആവേശം ഏറും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (പറവൂർ), ജോസ് കെ മാണി (പാല), മേജർ രവി (ഒറ്റപ്പാലം), അഖിൽ മാരാർ (തൃക്കാക്കര), പി കെ ഫിറോസ് (കൊടുവള്ളി), പി വി അൻവർ (ബേപ്പൂർ), സുധീർ കരമന (തിരുവനന്തപുരം) തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ ഇന്ന് പത്രിക നൽകിയവരിൽ ഉൾപ്പെടുന്നു. പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണനും ഇന്ന് പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ എല്ലാ പ്രധാന മണ്ഡലങ്ങളിലും പോരാട്ട ചിത്രം വ്യക്തമായിരിക്കുകയാണ്.
സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ താല്പര്യമുള്ളവർക്ക് മാർച്ച് 26 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവരിക. സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കാനിരിക്കെ, 2.72 കോടി വോട്ടർമാരാണ് ഇത്തവണ കേരളത്തിന്റെ വിധി നിർണ്ണയിക്കാൻ പോളിംഗ് ബൂത്തുകളിലെത്തുന്നത്.
Nomination Filing Ends in Kerala with 1269 Candidates; Scrutiny Tomorrow and Final Voters List on Tuesday













