പ്രതിഷേധ കൊടുങ്കാറ്റിൽ വീണ് തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രതിപക്ഷ ആവശ്യങ്ങൾക്ക് ഒടുവിൽ വഴങ്ങി, വോട്ടർപട്ടിക പുതുക്കലിൽ കമ്മീഷൻ്റെ നാടകീയ പിന്മാറ്റം

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയക്കെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ, പ്രതിപക്ഷ പാർട്ടികളുടെ ദീർഘകാല ആവശ്യങ്ങളായിരുന്ന രണ്ട് നിർണായക വിഷയങ്ങളിൽ നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ.

പുതിയ വോട്ടർമാരെ ചേർക്കുന്നതിനായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ (എസ്.എസ്.ആർ) പ്രക്രിയ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുനരാരംഭിക്കാൻ കമ്മീഷൻ തീരുമാനിച്ചു. ഇതിനുപുറമേ, രാഷ്ട്രീയ പാർട്ടികൾക്ക് കമ്പ്യൂട്ടറുകളിൽ എളുപ്പത്തിൽ വായിക്കാനും തിരയാനും സാധിക്കുന്ന പിഡിഎഫ് ഫോർമാറ്റിലുള്ള അന്തിമ വോട്ടർപട്ടികയുടെ ഡിജിറ്റൽ പകർപ്പുകൾ നൽകുമെന്നും കമ്മീഷൻ അറിയിച്ചു.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടിയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കമ്മീഷന്റെ ഈ അടിയന്തര നീക്കം. രാജ്യവ്യാപകമായി നടത്തിയ വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയയിൽ 13 കോടിയിലധികം വോട്ടർമാർ പട്ടികയ്ക്ക് പുറത്തായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയുടെ പേരിൽ, 18 വയസ്സ് തികയുന്ന പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള വാർഷിക പുതുക്കൽ പ്രക്രിയ കമ്മീഷൻ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതോടെ 2024-25 കാലയളവിൽ അർഹരായ ഒട്ടനവധി യുവവോട്ടർമാർക്ക് പേര് ചേർക്കാൻ സാധിക്കാതെ വരികയും ഇത് വലിയ ജനരോഷത്തിന് കാരണമാകുകയും ചെയ്തു.

കമ്മീഷൻ നടപടിക്കെതിരെ ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും നേരത്തെ രംഗത്തെത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. യുവവോട്ടർമാരെ ഉൾപ്പെടുത്താൻ വാർഷിക പുതുക്കൽ അനിവാര്യമാണെന്ന് ഇരുവരും ചീഫ് ഇലക്ഷൻ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഈ സംസ്ഥാനങ്ങളിലുൾപ്പെടെ എസ്.എസ്.ആർ പ്രക്രിയ ഉടൻ ആരംഭിക്കും. എന്നാൽ, നിലവിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 13 കോടി ജനങ്ങൾക്ക് ഇതിലൂടെ എത്രത്തോളം വേഗത്തിൽ തിരികെ കയറാനാകുമെന്നതിൽ വ്യക്തതയില്ല.

രാഷ്ട്രീയ പാർട്ടികൾക്ക് വായിക്കാൻ സാധിക്കുന്ന സോഫ്റ്റ് കോപ്പികൾ നൽകില്ലെന്ന തങ്ങളുടെ മുൻ നിലപാടാണ് കമ്മീഷൻ തിരുത്തിയത്. വോട്ടർപട്ടികയിലെ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ട്രാക്ക് ചെയ്യാൻ പാർട്ടികളെ സഹായിക്കുന്ന പ്രത്യേക ലിസ്റ്റും ഇനിമുതൽ ഉദ്യോഗസ്ഥർ പങ്കുവെക്കും.

ഇതുവരെ കമ്മീഷൻ നൽകിയിരുന്ന സ്കാൻ ചെയ്ത ‘ഇമേജ് ഒൺലി’ പിഡിഎഫുകളിൽ പേരുകൾ സെർച്ച് ചെയ്യാനോ കോപ്പി ചെയ്യാനോ സാധിക്കുമായിരുന്നില്ല. വ്യാജ വോട്ടർമാരെ കണ്ടെത്തുന്നത് തടയാൻ കമ്മീഷൻ മനഃപൂർവം ചെയ്യുന്നതാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തി. “പ്രതിഷേധങ്ങൾക്കും സുപ്രീം കോടതിയുടെ നോട്ടീസിനും ശേഷമാണ് കമ്മീഷനും ഗ്യാനേഷ് കുമാറിനും വിവേകം ഉദിച്ചത്. കോടിക്കണക്കിന് വോട്ടർമാരെ നിയമവിരുദ്ധമായി നീക്കം ചെയ്ത ശേഷം, ഒഴിവാക്കപ്പെട്ടവരെ വീണ്ടും ഉൾപ്പെടുത്താൻ കമ്മീഷൻ മറ്റൊരു പ്രക്രിയ നടത്തുകയാണ്. ഈ ഇരട്ടച്ചെലവിന് ചീഫ് ഇലക്ഷൻ കമ്മീഷണറിൽ നിന്ന് പിഴ ഈടാക്കണം,” ചിദംബരം ട്വീറ്റ് ചെയ്തു.

2018-ൽ കോൺഗ്രസ് നേതാവ് കമൽനാഥ് ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചപ്പോൾ സ്വകാര്യതാ പ്രശ്നങ്ങൾ ഉന്നയിച്ച് ഇലക്ഷൻ കമ്മീഷൻ ഇതിനെ എതിർത്തിരുന്നു. തുടർന്ന് 2025-ൽ രാഹുൽ ഗാന്ധി ‘വോട്ട് ചോരി’ പ്രചാരണത്തിലൂടെ ഈ വിഷയം വീണ്ടും സജീവമാക്കി. വലിയ നാടകങ്ങൾക്കൊടുവിൽ കമ്മീഷൻ പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങിയെന്നും മുൻപ് എന്താണ് ഒളിച്ചുവെക്കാൻ കമ്മീഷൻ ശ്രമിച്ചതെന്നും എൻ.സി.പി (എസ്.പി) നേതാവ് ജിതേന്ദ്ര ഔഹാദും ചോദിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയുള്ള കമ്മീഷന്റെ ഈ പിന്മാറ്റം വരും ദിവസങ്ങളിൽ രാഷ്ട്രീയമായി കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.

Election Commission caught in a storm of protest; finally yields to opposition demands, making a dramatic U-turn on the revision of the electoral roll.

Also Read

More Stories from this section

family-dental
witywide