ഗ്യാനേഷ് കുമാറിനെതിരെ 7 കുറ്റങ്ങൾ ചുമത്തി ഇന്ത്യാ സഖ്യം, പ്രതീകാത്മക ജനകീയ കുറ്റവിചാരണ, പുറത്താക്കാൻ പ്രമേയം അവതരിപ്പിച്ച് ഖർഗെ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രതീകാത്മക ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹി രാജാജിമാർഗിലെ വസതിക്ക് മുന്നിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ, എം.എ. ബേബി, ഡി. രാജ, ബൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, ഐഷി ഘോഷ്, നേഹ ബോറ തുടങ്ങി ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പ്രതിഷേധത്തിൽ അണിനിരന്നു. ജനങ്ങളുടെ സ്പന്ദനം ഭരണാധികാരികളെ അറിയിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമവിരുദ്ധ നടപടികൾ തുറന്നുകാട്ടാനുമാണ് പ്രതീകാത്മക വിചാരണയിലൂടെ ശ്രമിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.

മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറായും സൗഗത റായ്, അവധേഷ് പ്രസാദ് എന്നിവർ ഡെപ്യൂട്ടി ഓഫീസർമാരായും നടപടികൾ നിയന്ത്രിച്ചു. രാജ്യത്ത് വോട്ടർപട്ടികയിൽ വലിയ അട്ടിമറിയാണ് നടന്നതെന്നും പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും അനധികൃതമായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും മീരാ കുമാർ കുറ്റപ്പെടുത്തി. സാധാരണഗതിയിൽ പാർലമെന്റിൽ നടക്കേണ്ട ഇത്തരം പ്രതിഷേധങ്ങൾ പ്രതിപക്ഷത്തിന് തെരുവിൽ നടത്തേണ്ടി വരുന്നത് ബി.ജെ.പി സർക്കാരിന്റെ അരാജകത്വം മൂലമാണെന്ന് സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. ഈ ജനകീയ പ്രക്ഷോഭം നാളെ മഹാറാലിയായി മാറ്റി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സഖ്യനേതാക്കൾ മുന്നറിയിപ്പ് നൽകി.

പ്രതീകാത്മക വിചാരണയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശാനുസരണം രാജ്യത്തെ ജനാധിപത്യവും വോട്ടവകാശവും തകർക്കാനാണ് കമ്മീഷൻ ശ്രമിച്ചതെന്ന് ഖർഗെ ആരോപിച്ചു. കമ്മീഷന്റെ ഐ.ടി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ സംശയനിഴലിലാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന വോട്ട് മോഷണങ്ങൾ രാഹുൽ ഗാന്ധിയാണ് പുറത്തുകൊണ്ടുവന്നതെന്നും വ്യക്തമാക്കി. തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ട അനിത ജയ്സ്വാൾ അടക്കമുള്ള സാധാരണക്കാരും ടി.എം.സി എം.പി സാഗരിക ഘോഷും പ്രമേയത്തെ പിന്തുണച്ച് പ്രസംഗിച്ചു.

ബി.ജെ.പിയുമായി ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി 13 കോടിയോളം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതടക്കം 7 പ്രധാന കുറ്റങ്ങളാണ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പാർലമെന്റ് അറിയാതെ ഫോം 6-ൽ മാറ്റം വരുത്തുക, ഇ.സി.ഐ നെറ്റ് സംവിധാനം പിടിച്ചെടുക്കുക, രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിർദ്ദേശങ്ങൾ അവഗണിക്കുക എന്നിവയാണ് മറ്റ് പ്രധാന ആരോപണങ്ങൾ. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിച്ച് സ്വതന്ത്ര തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുകയും ഭരണഘടനയ്ക്കും രാജ്യത്തിനുമെതിരെ പ്രവർത്തിക്കുകയും ചെയ്ത ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

7 Charges Filed Against CEC Gyanesh Kumar: INDIA Alliance Holds Mock Trial, Kharge Moves Motion

More Stories from this section

family-dental
witywide