
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്.ഐ.ആർ) രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം കവർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ ‘ഇന്ത്യ’ സഖ്യം സംഘടിപ്പിക്കുന്ന പ്രതീകാത്മക ‘ജനകീയ കുറ്റവിചാരണ’ (ജൻ മഹാഭിയോഗ്) ഇന്ന് ഡൽഹിയിൽ നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ 10 രാജാജി മാർഗിലുള്ള വസതിയിൽ വെച്ച് വൈകീട്ട് 3:30-നാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്.
മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ അധ്യക്ഷയാകുന്ന (പ്രിസൈഡിങ് ഓഫീസർ) വിചാരണയിൽ മല്ലികാർജുൻ ഖാർഗെ പ്രമേയം അവതരിപ്പിക്കും. മീരാകുമാറിന്റെ അധ്യക്ഷപ്രസംഗത്തിനുശേഷം ഗ്യാനേഷിനെതിരേ കുറ്റപത്രം സമർപ്പിക്കും. വോട്ടർമാരുടെ അവകാശങ്ങൾ കവർന്നെടുക്കൽ, ഭരണഘടനാ ലംഘനം, സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വസ്തുതാവിരുദ്ധത എന്നിവ എണ്ണിപ്പറയുന്ന പൗര കുറ്റപത്രമാവും അവതരിപ്പിക്കുക. പിന്നാലെ, ഗ്യാനേഷിനെ നീക്കണമെന്നാവശ്യപ്പെടുന്ന ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഖാർഗെ ചർച്ചയ്ക്ക് തുടക്കംകുറിക്കും.
ആദ്യം ‘മോക്ക് പാർലമെന്റ്’ എന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരുന്നതെങ്കിലും, ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുന്നു എന്ന വ്യാഖ്യാനം ഒഴിവാക്കാനായി ‘ജനകീയ കുറ്റവിചാരണ’ എന്ന് പേര് മാറ്റുകയായിരുന്നു.
പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ജയറാം രമേശ്, ജോൺ ബ്രിട്ടാസ്, ഡെറക് ഒബ്രയൻ എന്നിവരുൾപ്പെടെ ‘ഇന്ത്യ’ സഖ്യത്തിലെ പ്രമുഖ നേതാക്കൾ വിചാരണയിൽ പങ്കെടുക്കും. കൂടാതെ, എം.പി.മാരും നേതാക്കളും പൗരപ്രമുഖരുമുൾപ്പെടെ ഇരുനൂറോളംപേർ പങ്കെടുക്കും. ഇതിന്റെ തുടർച്ചയായി നവംബർ 1 ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ വൻ പ്രതിഷേധ റാലിയും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മരണപ്പെട്ടവർ, ഇരട്ട വോട്ടുള്ളവർ, താമസം മാറിയവർ എന്നിവരെ ഒഴിവാക്കി വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നിയമപരമായ നടപടിയാണ് എസ്.ഐ.ആർ എന്നും, കമ്മീഷനിലെ മൂന്ന് അംഗങ്ങളുടെയും ഐകകണ്ഠേനയുള്ള തീരുമാനപ്രകാരമാണ് നടപടികളെന്നും ഇലക്ഷൻ കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
‘INDIA’ alliance to hold ‘people’s trial’ against Chief Election Commissioner Gyanesh Kumar today














