ലൗലി ഡിന്നർ! ട്രംപ്-മസ്ക് ‘ബ്രോമൻസ്’ തിരിച്ചെത്തുന്നു; മാസങ്ങൾ നീണ്ട പിണക്കത്തിന് ശേഷം മാർ-എ-ലാഗോയിൽ വിരുന്ന്

ഫ്ലോറിഡ: കഴിഞ്ഞ കുറച്ച് മാസങ്ങളായി പരസ്യമായി കൊമ്പുകോർത്തിരുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും വീണ്ടും ഒന്നിക്കുന്നു. ഞായറാഴ്ച മസ്ക് എക്സിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഈ പുനഃസമാഗമത്തിന്റെ തെളിവായി മാറിയത്. ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ വെച്ച് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനുമൊപ്പം അത്താഴം കഴിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. “പ്രസിഡന്‍റിനും പ്രഥമ വനിതയ്ക്കുമൊപ്പം ഇന്നലെ രാത്രി മനോഹരമായ ഒരു അത്താഴവിരുന്ന് കഴിച്ചു. 2026 അത്ഭുതകരമായിരിക്കും” എന്ന അടിക്കുറിപ്പോടെയാണ് മസ്ക് ചിത്രം പോസ്റ്റ് ചെയ്തത്.

2024ലെ തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുകയും സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ തലവനായി പ്രവർത്തിക്കുകയും ചെയ്ത മസ്ക്, കഴിഞ്ഞ വർഷം പകുതിയോടെയാണ് ട്രംപുമായി അകന്നത്.
ട്രംപിന്റെ പ്രിയപ്പെട്ട നികുതി-ചെലവ് ബില്ലിനെ അരോചകമായ അറപ്പ് എന്ന് മസ്ക് വിശേഷിപ്പിച്ചത് ട്രംപിനെ ചൊടിപ്പിച്ചു. രാജ്യത്തെ കടക്കെണിയിലാക്കുന്ന ബില്ലാണിതെന്നായിരുന്നു മസ്കിന്റെ ആരോപണം.
ഈ ബില്ലിലൂടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഗ്രീൻ എനർജി ക്രെഡിറ്റുകൾ ട്രംപ് വെട്ടിക്കുറച്ചതാണ് മസ്കിനെ പ്രകോപിപ്പിച്ചത്.

മസ്കിന്റെ വിമർശനത്തിന് മറുപടിയായി, ടെസ്‌ലയ്ക്കും സ്‌പേസ് എക്‌സിനും ലഭിക്കുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. മസ്ക് ഭ്രാന്ത് കാണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. പരസ്യമായി വെല്ലുവിളികൾ നടത്തിയിരുന്ന ഇരുവരും 2025 അവസാനത്തോടെ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തിത്തുടങ്ങിയിരുന്നു. അരിസോണയിൽ വെച്ച് നടന്ന ചാർലി കിർക്കിന്റെ അനുസ്മരണ ചടങ്ങിൽ ഇരുവരും കൈകൊടുത്തു. പിന്നാലെ വൈറ്റ് ഹൗസിൽ സൗദി കിരീടാവകാശിക്ക് നൽകിയ വിരുന്നിൽ മസ്കും പങ്കെടുത്തു.

More Stories from this section

family-dental
witywide