അമേരിക്കയുടെ സൈനിക നീക്കങ്ങൾ തുടർന്നാൽ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ചെറിയ ആക്രമണം പോലും ശക്തവും വേദനാജനകവുമായ തിരിച്ചടിക്ക് കാരണമാകുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മേധാവി മേജർ ജനറൽ അഹ്മദ് വാഹിദി പറഞ്ഞു. ആവർത്തിച്ചുള്ള പരാജയങ്ങളിൽനിന്ന് ശത്രു പാഠം പഠിക്കണം. അല്ലാത്തപക്ഷം കൂടുതൽ വലിയ തിരിച്ചടികൾ നേരിടേണ്ടിവരും. ഏത് ചെറിയ ആക്രമണത്തിനും വിനാശകരമായ മറുപടി നൽകുമെന്ന് പ്രസ് ടിവിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാകുകയാണ്. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഐആർജിസി മുന്നറിയിപ്പ് നൽകി. നാവിക മൈനിൽ തട്ടി ദ്രവീകൃത വാതകം കൊണ്ടുപോകുന്ന കപ്പലിലുണ്ടായ വൻ സ്ഫോടനത്തെക്കുറിച്ചും ഇറാൻ അവകാശവാദമുന്നയിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ച് അപകടകരമായ തെക്കൻ പാതയിലൂടെ സഞ്ചരിച്ച കപ്പലാണ് മൈനിൽ തട്ടിയതെന്നാണ് ഇറാന്റെ വാദം. എന്നാൽ കപ്പലിന്റെ ഉടമസ്ഥതയോ നാശനഷ്ടങ്ങളോ ആളപായമുണ്ടായോ എന്നതോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇറാനിലെ സിറിക് മേഖലയിൽ ടെലികോം ടവറിന് നേരെ അമേരിക്ക നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തിന് തിരിച്ചടിയായി ബഹ്റൈനിലെ യുഎസ് മുൻകൂർ മുന്നറിയിപ്പ് റഡാർ തകർത്തതായും ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിലാണ് നടപടി സ്വീകരിച്ചതെന്നാണ് ഫാർസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ വ്യോമ പ്രകോപനങ്ങളും എണ്ണക്കടത്തും അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പാണിതെന്ന് ഐആർജിസി വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാൽ പരിധികളില്ലാതെ തിരിച്ചടിക്കുമെന്നും സേന മുന്നറിയിപ്പ് നൽകി.
അതിനിടെ, ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് മറ്റ് രാജ്യങ്ങൾ സഹായം നൽകുന്നതിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ രംഗത്തെത്തി. സൈനികരെയോ കപ്പലുകളെയോ ഉപകരണങ്ങളെയോ ലോജിസ്റ്റിക് സഹായമോ നൽകുന്നത് ഇറാനെതിരായ ആക്രമണത്തിൽ പങ്കുചേരുന്നതായി കണക്കാക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇത്തരം നടപടികൾ യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാൻ ഇറാൻ ശ്രമിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും മുന്നറിയിപ്പ് നൽകി. ഇറാൻ അമേരിക്കൻ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചാൽ അവർ പിന്നീട് നിലനിൽക്കില്ലെന്നും സൈനികശക്തി ഉപയോഗിക്കാൻ തനിക്ക് മടിയുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും ഇറാന്റെ ഭരണകൂടം തകർച്ചയിലാണെന്നും ട്രംപ് അവകാശപ്പെട്ടു.
‘Enemy must learn from defeats’: Iran warns US of ‘painful strikes’ over military action












