ന്യൂഡൽഹി: സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മാധ്യമപ്രവർത്തകരുമൊത്തുള്ള ദീപാവലി സൽക്കാരത്തിൽ ടെലിപ്രോംപ്റ്റർ സംസാരിക്കാൻ ഉപയോഗിച്ചതിനെയും രാഹുൽ ഗാന്ധി പരിഹസിച്ചു. സ്വന്തം ആളുകളും വേദിയും അനുകൂലമായ അന്തരീക്ഷവും ഉണ്ടായിരുന്നിട്ടും എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് പ്രധാനമന്ത്രിക്ക് ആവശ്യമായി വന്നത് അദ്ദേഹത്തിൻ്റെ സമ്മർദം മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.
വീണ്ടും സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധി, വേണമെങ്കിൽ ടെലിപ്രോംപ്റ്ററും ഇഷ്ടമുള്ള മോഡറേറ്ററേയും കൂടെക്കൊണ്ടുവന്നോളൂവെന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി താനുമായി നേർക്കുനേർ സംവാദത്തിന് വന്നാൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിക്കുമെന്നും അത് അദ്ദേഹത്തിനും തനിക്കും അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി തന്നെ ‘രാജ്യദ്രോഹി’ എന്ന് നിരന്തരം വിളിക്കുന്നു. രാജ്യത്തെ യഥാർഥ രാജ്യദ്രോഹി ആരാണെന്ന് ജനങ്ങൾ അറിയണം. ആര്, ആരെ, എന്നുമുതലാണ് നിയന്ത്രിക്കുന്നതെന്നും ജനങ്ങൾ അറിയണം. തന്റെ ഫോണിൽ അതിനുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തൻ്റെ ഫോൺ ചോർത്തുന്നതിനാൽ പ്രധാനമന്ത്രിക്ക് അത് വ്യക്തമായിട്ടറിയാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Rahul Gandhi challenges Modi to a debate once again; who is the real traitor? Let the nation know.











