വ്യാജ ഒപ്പ് വിവാദം; ആരോപണങ്ങൾ പൂർണമായും തള്ളി കൗൺസിലർ ആർ. സുഗതൻ

തിരുവനന്തപുരം കോർപറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ പ്രതികരിച്ച് ജയിൽ മോചിതനായ ബിജെപി കൗൺസിലർ ആർ. സുഗതൻ. തനിക്കെതിരായ ആരോപണങ്ങൾ പൂർണമായും തള്ളിയ ആർ സുഗതൻ, എല്ലാ ഒപ്പുകളും താൻ തന്നെയാണ് ഇട്ടതെന്നും, സംശയമുള്ളവർക്ക് കോർപറേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രതിപക്ഷ കൗൺസിലർമാരായ ദീപക്, ശബരിനാഥ് തുടങ്ങിയവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. താൻ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് കോർപറേഷൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

കോർപറേഷൻ്റെ മുക്കിലും മൂലയിലും കാമറകളുണ്ട്. പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയവർക്ക് ഇത് വ്യക്തമായി പരിശോധിക്കാവുന്നതാണ്. ഏത് ഫോറൻസിക് പരിശോധനയ്ക്കും താൻ തയാറാണ്. പൊലീസിൻ്റെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും. കോടതി വിധി അനുകൂലമായപ്പോൾ അത് തൻ്റെ സ്വാധീനം കൊണ്ടാണെന്ന് വരെ രാഷ്ട്രീയ എതിരാളികൾ പറയാൻ സാധ്യതയുണ്ട്.

താൻ ഒളിവിൽ പോയിട്ടില്ല. ഏപ്രിൽ മാസത്തിൽ വാട്ടർ അതോറിറ്റിയുടെ സമരത്തിൽ പങ്കെടുത്തിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ തന്നെ പുറത്തുവിട്ടതാണ്. താൻ മെയ് മാസത്തിൽ മാത്രമാണ് മാറിനിന്നത്. അല്ലാതെ ഒളിവിൽ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാല് മാസമായി താൻ പൊതുപ്രവർത്തന രംഗത്ത് ഇല്ലായിരുന്നുവെന്നും കഴിഞ്ഞ എട്ടു വർഷമായി നടക്കുന്ന ഒരു ജനകീയ സമരവുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ കേസെടുത്തതെന്ന് സുഗതൻ കൂട്ടിച്ചേർത്തു.

Fake signature controversy: Councilor R. Sugathan completely dismisses the allegations.

More Stories from this section

family-dental
witywide