ബിജെപി കൗൺസിലർ ആർ സുഗതൻ പുറത്തിറങ്ങി, സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും; ഷാളണിയിച്ച് ബിജെപി പ്രവർത്തകർ

തൃശൂർ: കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയിരുന്നു. ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സുഗതന്‍റെ ഭാര്യയും മകനും വിയ്യൂർ ജയിലിലെത്തിയിരുന്നു.

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവർക്കും അറിയാമെന്ന് ജയിൽ മോചിതനായ ശേഷം സുഗതൻ പറഞ്ഞു. ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് തനിക്കെതിരെ കേസ് ചുമത്തിയത്. ഒരു പൊലീസുകാരൻ വിചാരിച്ചാൽ ഒരാൾക്ക് ജയിലിൽ കിടക്കേണ്ടിവരുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടി മാത്രമാണ് താൻ ഇടപെട്ടിട്ടുള്ളതെന്നും നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഇനിയും ജയിൽവാസത്തിന് തയ്യാറാണെന്നും സുഗതൻ വ്യക്തമാക്കി. തന്നോടൊപ്പം നിന്ന കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. സിപിഎമ്മാണ് തന്നെ ഗുണ്ടയാക്കിയതെന്നും സുഗതൻ ആരോപിച്ചു.

അതേസമയം, സുഗതനെതിരായ കേസ് കള്ളക്കേസാണെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎം രജിസ്റ്റർ ചെയ്ത കേസിൽ കോൺഗ്രസും ഒപ്പം നിന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന രാഹുൽ ഗാന്ധി ഇക്കാര്യങ്ങളൊന്നും കാണുന്നില്ലേയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസെടുക്കുന്ന സാഹചര്യമുണ്ടായിട്ടും മുൻ മന്ത്രിയായിരുന്ന മുനീറിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.

More Stories from this section

family-dental
witywide