നേപ്പാളിൽ വീണ്ടും പ്രളയഭീതി: അതീവ ജാഗ്രതാ നിർദ്ദേശം, ആളുകളോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു, ടിബറ്റിൽ ഡാം തകർന്നതായി സൂചന

കാഠ്മണ്ഡു: മധ്യ നേപ്പാളിൽ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത വിനാശകരമായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് പിന്നാലെ പ്രളയബാധിത പ്രദേശങ്ങളിൽ ജലനിരപ്പ് വീണ്ടും ഉയർന്നതിനെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശം. ദുരന്തബാധിത പ്രദേശങ്ങളിൽ ഉള്ളവരോടും രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ള പ്രകൃതിദുരന്ത നിവാരണ സേനകളോടും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ച മധ്യ നേപ്പാളിലെ രസുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. നൂറുകണക്കിന് പേർ മരണപ്പെടുകയും വീടുകൾ, റോഡുകൾ, പാലങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവ തകരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാൾ-ചൈന അതിർത്തിക്ക് സമീപമുള്ള ഭോട്ടെ കോശി നദീതീരങ്ങളിൽ വീണ്ടും പ്രളയസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നിരിക്കുന്നത്.

ബുധനാഴ്ച വെള്ളപ്പൊക്കമുണ്ടായ അതേ സ്ഥലത്ത് ചെളി കലർന്ന വെള്ളത്തിൻ്റെ അളവ് വീണ്ടും വർദ്ധിച്ചതായും ഇത് മറ്റൊരു പ്രളയത്തിനുള്ള സാധ്യത കൂട്ടിയതായും നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി. ഭോട്ടെ കോശി, തൃശൂലി പ്രദേശങ്ങളിൽ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി നിൽക്കുന്നവരും പ്രദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യത മുന്നിൽക്കണ്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അതോറിറ്റി അറിയിച്ചു.

അതിനിടെ, ടിബറ്റൻ ഭാഗത്തുള്ള ഒരു ജലസംഭരണി വീണ്ടും തകർന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നേപ്പാൾ പൊലീസും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നേപ്പാൾ പൊലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

നേപ്പാൾ-ചൈന അതിർത്തിക്ക് സമീപം ഒരു പുതിയ തടയണ തടാകം രൂപപ്പെട്ടതിനെ തുടർന്ന് ഭോട്ടെ കോശി നദിയിൽ വലിയ രീതിയിൽ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്ന് നേപ്പാളിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹൈഡ്രോളജി ആൻഡ് മീറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ തടാകത്തിൽ നിലവിൽ ഏകദേശം 20 ലക്ഷം ക്യൂബിക് മീറ്റർ വെള്ളം ശേഖരിക്കപ്പെട്ടിട്ടുണ്ടെന്നും, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ക്യൂബിക് മീറ്റർ വെള്ളം കൂടി ഇവിടേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും ചൈനീസ് അധികൃതർ നേപ്പാളിനെ അറിയിച്ചിട്ടുണ്ട്. ഇത് തടാകം തകരാൻ ഇടയാക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു. ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദീതട വ്യവസ്ഥയുടെ ഭാഗമായ ഛോചെൻ ഖോല, പുരേപു സാങ്പോ എന്നീ നദികളുടെ സംഗമസ്ഥാനത്താണ് ഈ തടാകം രൂപപ്പെട്ടിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സന്നദ്ധരാണെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.

Flood threat again in Nepal: High alert issued, people asked to evacuate, indications that dam has collapsed in Tibet

More Stories from this section

family-dental
witywide