ശക്തമായ എൽ നിനോ; ഹിമാലയൻ മേഖലയിൽ പ്രളയത്തിനും മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യത

കഠ്മണ്ഡു: ശക്തമായ എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ഹിന്ദുകുഷ് ഹിമാലയൻ മേഖലയിൽ സാധാരണയേക്കാൾ കൂടുതൽ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഇതോടെ നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ശൈത്യകാലത്ത് വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഹിമപാതം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സാധ്യത വർധിക്കുമെന്നാണ് മുന്നറിയിപ്പ്.

കഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD), ബെയ്ജിങ് നോർമൽ യൂണിവേഴ്‌സിറ്റി, ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്സ് എന്നിവ സംയുക്തമായി പുറത്തിറക്കിയ ‘ഹിന്ദുകുഷ് ഹിമാലയ വിന്റർ ഔട്ട്‌ലുക്ക് 2026’ റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ.

1950 മുതൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമായി ഇത് മാറാൻ 60 ശതമാനം സാധ്യതയുണ്ടെന്നാണ് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ (NOAA) പ്രവചനം. ഇതിന്റെ ഭാഗമായി ഹിമാലയൻ താഴ്‌വരകളിൽ കൂടുതൽ മഴയും ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും ഉണ്ടായേക്കാം.

നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ശക്തമായ മഴ പ്രാദേശിക വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഹിമപാതത്തിനും കാരണമായേക്കും. അതേസമയം, ചില പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയും കാട്ടുതീ ഭീഷണിയും വർധിക്കാം. തെക്കുകിഴക്കൻ ടിബറ്റിലും മ്യാൻമറിന്റെ ചില ഭാഗങ്ങളിലും കാട്ടുതീ പടരാനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഉത്തരേന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം. എന്നാൽ ഭൂട്ടാനിലും ചൈനയുടെ കിഴക്കൻ ടിബറ്റ് മേഖലയിലും മഞ്ഞുവീഴ്ച കുറയാനാണ് സാധ്യത. ഹിമാലയൻ മേഖലയിലെ നദികളിലെ നീരൊഴുക്കിനും ജലലഭ്യതയ്ക്കും മഞ്ഞിന്റെ അളവ് നിർണായകമാണ്. മഞ്ഞുവീഴ്ച കുറയുന്നത് ജലസേചനത്തെയും ജലവൈദ്യുത ഉൽപാദനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

നേപ്പാളിലും ഭൂട്ടാനിലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ മൺസൂൺ കാലത്തിനു പിന്നാലെയാണ് പുതിയ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റിൽ നേപ്പാളിലുണ്ടായ പ്രളയത്തിൽ 1,500ലധികം പേർ മരിക്കുകയും 5,000ത്തിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർനിർമാണത്തിനുമായി 4.7 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

മൺസൂൺ അവസാനിച്ചതോടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കരുതെന്നും കാലാവസ്ഥാ പ്രവചനങ്ങൾക്കനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. നവംബർ 25 മുതൽ 27 വരെ കഠ്മണ്ഡുവിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ച ചെയ്യും.

More Stories from this section

family-dental
witywide