
മയാമി: ഫ്ലോറിഡയിൽ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസുകളിലും തിരിച്ചറിയൽ കാർഡുകളിലും ഇനിമുതൽ വ്യക്തികളുടെ നിയമപരമായ പദവി (Legal Status) രേഖപ്പെടുത്തും. ഗവർണർ റോൺ ഡിസാന്റിസ് ഒപ്പുവെച്ച പുതിയ നിയമം (ഹൌസ് ബിൽ 991) അനുസരിച്ച് 2027 ജനുവരി 1 മുതലാണ് ഈ മാറ്റം നടപ്പിലാക്കുക.
തിരഞ്ഞെടുപ്പ് സുരക്ഷയും സർക്കാർ രേഖകളിലെ സുതാര്യതയും ലക്ഷ്യമിട്ടുള്ള ‘ഫ്ലോറിഡ സേവ് ആക്ടിൻ്റെ’ ഭാഗമായാണ് ഈ നടപടി. പുതിയ നിയമപ്രകാരം, ലൈസൻസ് ഉടമ അമേരിക്കൻ പൗരനാണോ അതോ മറ്റ് നിയമപരമായ കുടിയേറ്റ പദവിയുള്ള ആളാണോ എന്ന് കാർഡിൽ വ്യക്തമാക്കും.
ആർക്കൊക്കെ ബാധകം?
2027 ജനുവരി 1-നോ അതിനു ശേഷമോ ആദ്യമായി ലൈസൻസ് എടുക്കുന്നവർക്കും, നിലവിലുള്ള ലൈസൻസ് പുതുക്കുന്നവർക്കും, നഷ്ടപ്പെട്ട ലൈസൻസിന് പകരം പുതിയത് എടുക്കുന്നവർക്കും മാത്രമാണ് ഈ മാറ്റം ബാധകമാകുക. നിലവിൽ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസുകളോ ഐഡി കാർഡുകളോ മാറ്റേണ്ടതില്ല. അവയുടെ കാലാവധി തീരുന്നത് വരെ അവ ഉപയോഗിക്കാം.
ഗവൺമെൻ്റ് രേഖകളിൽ കൃത്യത ഉറപ്പാക്കുന്നതിനും സേവനങ്ങളിൽ സുതാര്യത കൊണ്ടുവരുന്നതിനുമാണ് ഈ നടപടിയെന്ന് മയാമി-ഡേഡ് കൗണ്ടി ടാക്സ് കളക്ടർ ഡാരിയൽ ഫെർണാണ്ടസ് പറഞ്ഞു. പൗരന്മാരുടെയും നിയമപരമായ താമസക്കാരുടെയും വിവരങ്ങൾ വേഗത്തിൽ സ്ഥിരീകരിക്കാൻ ഇതിലൂടെ സാധിക്കും.
ഫ്ലോറിഡയിലെ എല്ലാ കൗണ്ടികളിലും ഈ മാറ്റം നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ ടാക്സ് കളക്ടർ ഓഫീസുകളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. റിയൽ ഐഡി മാനദണ്ഡങ്ങൾ പാലിക്കുന്ന കാർഡുകളിലായിരിക്കും ഈ വിവരങ്ങൾ ഉൾപ്പെടുത്തുക.
Florida will now require citizenship information on driver’s licenses; new law effective from 2027















