

നൂറോളം അംഗ സംഘടനകളുള്ള ലോക മലയാളികളുടെ മഹാപ്രസ്ഥാനവും നോർത്ത് അമേരിക്കയിലെ മലയാളികളുടെ പ്രബല ശബ്ദവുമായ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) കേരള കൺവൻഷൻ ഉദ്ഘാടനവും വിവിധ ജീവകാരുണ്യ പദ്ധതികളുടെ സഹായ വിതരണവും കോട്ടയത്ത് നടന്നു. സംസ്ഥാന ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. കാരണം പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയർത്തുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഫോമ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത് . അതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പറഞ്ഞ മന്ത്രി സ്വദേശത്തും വിദേശത്തും ഒരുപോലെ മികച്ച പ്രവർത്തനം നടത്തുന്ന, എല്ലാ വിഭാഗത്തിൽപ്പെട്ടവരേയും ഒരേ പോലെ കാണുന്ന ഫോമയ്ക്ക് എല്ലാ ആശംസകളും അർപ്പിച്ചു.

ഫോമായുടെ കേരള കൺവൻഷൻ ചെയർമാൻ പോൾ കുളങ്ങര ഫോമായുടെ ഇത്തവണത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സദസ്സിന് വിശദീകരിച്ചു.
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന മനുഷ്യരുടെ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ നിരവധി ആവശ്യങ്ങളിൽ കൈത്താങ്ങായി നിൽക്കുന്ന ഫോമായുടെ വികസനം അതിലെ അംഗങ്ങളുടേയും അതിനെ സ്നേഹിക്കുന്നവരുടേയും ഐക്യംമൂലമാണ് നിലനിൽക്കുന്നതെന്ന് അധ്യക്ഷതപ്രസംഗം നടത്തിയ ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ പറഞ്ഞു. സാംസ്‌കാരിക പരിപാടികൾക്ക് പുറമെ വിനോദത്തിനും ബിസിനസ് ആശയങ്ങൾക്കും കൺവെൻഷൻ വേദിയൊരുക്കുന്നുണ്ട്. ജനുവരി 10-ന് വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് യാത്ര സംഘടിപ്പിക്കും. സമാപന ദിവസമായ ജനുവരി 11-ന് എറണാകുളം ഗോകുലം പാർക്കിൽ ബിസിനസ് മീറ്റും നടക്കുമെന്ന് പ്രസിഡൻ്റ് ബേബി മണക്കുന്നേൽ പറഞ്ഞു.

നാട്ടിൽ നിന്നും പുറത്തു പോയിട്ടും നാടിനെ സ്നേഹിക്കുകയും നാട്ടിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് നീതിക്കൊപ്പം നിൽക്കുകയും ചെയ്യുന്ന ഫോമായ്ക്ക് ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

അഭിമാനകരമായ നിരവധി പ്രവർത്തനങ്ങളും പദ്ധതികളുമാണ് ഫോമാ കേരളത്തനായി സംഭാവന ചെയ്തിരിക്കുന്നത് എന്ന് റാന്നി മുൻ എംഎൽഎ രാജു എബ്രഹാം പറഞ്ഞു. തിരുവനന്തപുരം ആർസിസിയിലെ ഡോർമിറ്ററി മുതൽ വെള്ളപ്പൊക്കത്തിൽ വീടു നഷ്ടമായവർക്കുള്ള നിരവധി വീടുകൾ ഉൾപ്പടെ എണ്ണം പറഞ്ഞ നിരവധി പ്രവർത്തനങ്ങൾ ഫോമാ കേരളത്തിനായി നൽകിയിട്ടുണ്ടെന്നും രാജു ഏബ്രഹാം പറഞ്ഞു.

ഫോമായുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ നിരവധി പേർക്ക് ലഭിച്ചതായി മനസ്സിലാക്കാനായതായും ഇനിയും ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ മുന്നേറാൻ ഫോമായ്ക്ക് സാധിക്കട്ടെ എന്നും കോട്ടയം മുൻ എംപി സുരേഷ് കുറുപ്പ് ആശംസിച്ചു.
അന്യനാട്ടിൽ പോയി വളരെ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം സ്വന്തം നാട്ടിലെ പാവപ്പെട്ടവരും ദുരിതം അനുഭവിക്കുന്നവരുമായി പങ്കുവയ്ക്കാൻ കാണിക്കുന്ന നല്ലമനസ്സിനെ അഭിനന്ദിക്കുന്നതായി ഏറ്റുമാനൂർ മുൻ എംഎൽഎ തോമസ് ചാഴികാടൻ പറഞ്ഞു.

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമായുഫോടെ നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിശദമാക്കിയ ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് വിദേശ മലയാളികൾ കേരളത്തിലെ മലയാളികളോടൊപ്പം സന്തോഷപൂർവം ചെലവഴിക്കുന്ന മികച്ച നേരമാണ് ഈ കൺവൻഷൻ എന്ന് വീക്ഷിച്ചു.
രണ്ടര മില്യൺ ഡോളറിൻ്റെ ബജറ്റുമായി പ്രവർത്തനം തുടങ്ങിയ ഫോമയുടെ ഈ ഭരണ സമിതി അതിന്റെ നല്ലൊരു ശതമാനം കേരളത്തിൽ നിരവധിയായ പ്രവർത്തനങ്ങൾക്കു വേണ്ടി ചെലവഴിച്ചതായി ട്രഷറർ സിജിൽ പാലക്കലോടി പറഞ്ഞു.
ഫോമായുടെ വിമൻസ് ഫോറം നടത്തിയ നിരവധിയായ കാരുണ്യ പ്രവർത്തങ്ങളെ കുറിച്ച് വിമൻസ് ഫോറം ട്രഷറർ ജൂലി ബിനോയ് വിശദീകരിച്ചു.

ഫോമായുടെ ഇത്തവണത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭിന്നശേഷിക്കാരായ ഒരുപാട് വ്യക്തികൾക്ക് സ്കൂട്ടർ കൈമാറിക്കൊണ്ട് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഭിന്നശേഷിക്കാരായ 4 പേർക്ക് സ്കൂട്ടർ വിതരണം ചെയ്തു. അത് സ്പോൺസർ ചെയ്ത എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കുറ്റ് ,ജോൺ പാട്ടപതി, തോമസ് മുക്കൂറ്റ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സഹായം ആവശ്യമുള്ള നിരവധി അന്ധ വിദ്യാർഥികൾക്ക് ബ്രെയിൻ ലാപ്ടോപുകളും വിതരണം ചെയ്തു. കൂടാതെ സഹായം ആവശ്യമുള്ള നിരവധി സ്ത്രീകൾക്ക് തയ്യൽ മെഷീനുകളും ടാബുകളും വിതരണം ചെയ്തു. കൂടാതെ 50 നഴസിങ് വിദ്യാർഥികൾക്ക് 50000 രൂപയുടെ വീതം നഴസിങ് സ്കോളർഷിപ്പുകളും വിതരണം ചെയ്തു.

ഫോമായുടെ ജോയിൻ്റ് സെക്രട്ടറി പോൾ പി ജോസ് സ്വാഗതം പറഞ്ഞു. ഫോമായുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഷാലു പുന്നൂസ് , അനുപമ കൃഷ്ണൻ,ഫോമായുടെ സ്ഥാപക പ്രസിഡൻ്റ് ശശിധരൻ നായർ, മുൻ ഭാരവാഹികളായിരുന്ന ബേബി ഊരാളി, ജേക്കബ് തോമസ്, ജോൺ ടൈറ്റസ്, ഗ്രേസി ഊരാളി, മഞ്ജു പിള്ള, സുബിൻ കുമാരൻ, നാഷണൽ കമ്മിറ്റി അംഗങ്ങൾ, ജിജു കുളങ്ങര, ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോർത്ത് അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റ് രാജു പള്ളത്ത്, നിഷ ജോസ് ജോസ് കെ മാണി, പാമ്പാടി ബ്ളോക് പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്ജി പാലക്കലോടി, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പഞ്ഞിക്കാരൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഫോമാ ഹെല്‍പ്പിങ് ഹാന്‍ഡ്സ് പ്രകാരമുള്ള 1,100 ഡോളര്‍ ചെങ്ങന്നൂരിലുള്ള വനിതയ്ക്ക് നല്‍കി. ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തലിനുള്ള സഹായ ധനം വിതരണം ചെയ്തു. ഫോമാ ഭവനപദ്ധതിയുടെ താക്കോല്‍ ദാനം ചാണ്ടി ഉമ്മന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ രണ്ട് നേഴ്സിങ് വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പഠന സഹായവും നല്‍കി. തുടര്‍ന്ന് വിദേശ മലയാളികളുടെ സംശയങ്ങള്‍ക്ക് നോര്‍ക്ക റൂട്സ് അണ്ടര്‍ സെക്രട്ടറി മറുപടി നല്‍കി.

കൺവെൻഷന്റെ ഭാഗമായി വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ജനുവരി 3-ന് ചങ്ങനാശേരി കുറിച്ചിയിൽ മെഡിക്കൽ ക്യാമ്പോടെ പരിപാടികൾക്ക് തുടക്കമായി. ജനുവരി 5-ന് പിറവത്ത് വച്ച് 750 നിർധന വിധവകൾക്ക് വസ്ത്രവും ഭക്ഷണക്കിറ്റും ധനസഹായവും നൽകുന്ന ‘അമ്മയോടൊപ്പം’ പദ്ധതി നടപ്പിലാക്കി. നാളെ കുട്ടനാടൻ ഭക്ഷണവും കലാരൂപങ്ങളും കോർത്തിണക്കി വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് യാത്ര സംഘടിപ്പിക്കും. കൺവെൻഷന്റെ സമാപന ദിവസമായ ജനുവരി 11-ന് എറണാകുളം ഗോകുലം പാർക്കിൽ വച്ച് ബിസിനസ് മീറ്റ് നടക്കും.
അമേരിക്കയുടെയും കാനഡയുടയും വിവിധഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിട്ടുണ്ട്.

Fomaa kerala Convention began at kottayam















