അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് തിരിച്ചടിയായി വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമാറ്റിക് കാലാവധി നീട്ടൽ അവസാനിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം. വർക്ക് പെർമിറ്റ് പുതുക്കാനുള്ള അപേക്ഷകൾ പരിഗണനയിലിരിക്കെ 540 ദിവസം വരെ ജോലി തുടരാൻ അനുവദിച്ചിരുന്ന സംവിധാനമാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) അവസാനിപ്പിച്ചത്. ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ തൊഴിലാളികളെയും എച്ച്-1ബി വിസക്കാരുടെ യോഗ്യരായ പങ്കാളികളെയും തീരുമാനം ബാധിച്ചേക്കും.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് നടപ്പാക്കിയ ഇളവാണ് ഇപ്പോൾ സ്ഥിരമായി അവസാനിപ്പിക്കുന്നത്. അപേക്ഷകളുടെ നടപടിക്രമങ്ങൾ വൈകുന്നതുമൂലം വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം തന്നെ ഈ ആനുകൂല്യം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
2025 ഒക്ടോബർ 30നോ അതിനുശേഷമോ വർക്ക് പെർമിറ്റ് പുതുക്കാൻ അപേക്ഷിച്ചവർക്ക് പുതിയ നിയമം ബാധകമാണ്. നിലവിലെ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കിയ പെർമിറ്റിന് അംഗീകാരം ലഭിക്കുന്നതുവരെ ഇവർക്ക് ജോലി തുടരാനാകില്ല. പശ്ചാത്തല പരിശോധനയും സുരക്ഷാ വിലയിരുത്തലും ശക്തമാക്കുന്നതിനും ജോലി ചെയ്യാനുള്ള യോഗ്യത ഉറപ്പാക്കുന്നതിനുമാണ് മാറ്റമെന്നാണ് ഡിഎച്ച്എസിന്റെ വിശദീകരണം.
അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യാൻ ആവശ്യമായ എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (ഇഎഡി) ഉപയോഗിക്കുന്ന വിവിധ വിഭാഗം വിദേശികളെയാണ് തീരുമാനം ബാധിക്കുക. കുടിയേറ്റ പദവി മാറ്റത്തിനായി അപേക്ഷിച്ച ചിലർ, യോഗ്യരായ അഭയാർഥി അപേക്ഷകർ, എച്ച്-1ബി വിസക്കാരുടെ പങ്കാളികൾ ഉൾപ്പെടെയുള്ള എച്ച്-4 വിസക്കാർ എന്നിവരും ഇതിൽപ്പെടും.
പ്രത്യേകിച്ച്, എച്ച്-4 ഇഎഡി ഉപയോഗിച്ച് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് പെർമിറ്റ് കാലാവധി അവസാനിക്കുന്നതിനുമുമ്പ് പുതുക്കൽ അപേക്ഷയിൽ തീരുമാനമുണ്ടായില്ലെങ്കിൽ ജോലി താൽക്കാലികമായി നിർത്തേണ്ടിവന്നേക്കാം. യുഎസ് പൗരത്വ-കുടിയേറ്റ സേവന വിഭാഗമായ യുഎസ്സിഐഎസിന്റെ നടപടിക്രമങ്ങളിലെ കാലതാമസം തൊഴിൽ തടസ്സങ്ങൾക്ക് കാരണമാകുമെന്നാണ് ആശങ്ക.
പെർമിറ്റ് കാലാവധി അവസാനിക്കുന്നതിന് മുൻപുതന്നെ പുതുക്കൽ അപേക്ഷ നൽകണമെന്ന് അധികൃതർ നിർദേശിക്കുന്നു. നിലവിലെ രേഖയുടെ കാലാവധി അവസാനിക്കുന്നതിന് 180 ദിവസം മുൻപ് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പുരോഗതി കൃത്യമായി പരിശോധിക്കുകയും തൊഴിലുടമയുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നത് ജോലി തടസ്സപ്പെടാനുള്ള സാധ്യത കുറയ്ക്കും.
അതേസമയം, 2025 ഒക്ടോബർ 30ന് മുമ്പ് സമർപ്പിച്ച യോഗ്യമായ അപേക്ഷകൾക്ക് പഴയ നിയമപ്രകാരം അനുവദിച്ച ഓട്ടോമാറ്റിക് കാലാവധി നീട്ടൽ തുടരും. നിയമപരമായ വ്യവസ്ഥകൾ പ്രകാരമോ താൽക്കാലിക സംരക്ഷിത പദവിയുമായി (ടിപിഎസ്) ബന്ധപ്പെട്ട പ്രത്യേക അറിയിപ്പുകൾ വഴിയോ അനുവദിച്ചിട്ടുള്ള ചില ഇളവുകൾക്കും മാറ്റമുണ്ടാകില്ല.
Fresh setback for H-1B workers: US ends 540-day automatic work permit extension, impact on Indians explained











