അമേരിക്കൻ സൈനിക രഹസ്യങ്ങൾ ഹാക്കർമാരുടെ കൈയിലെന്ന് സംശയം; സൈബർ മേധാവിയെ പുറത്താക്കി ട്രംപ്

വാഷിങ്ടൺ: യു.എസ്. വ്യോമസേനയുടെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമായ ക്ലൗഡ് വൺ (Cloud One) സൈബർ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. സൈനികരുടെയും ജീവനക്കാരുടെയും തന്ത്രപ്രധാനമായ വിവരങ്ങൾ ചോർന്നിരിക്കാമെന്ന ആശങ്ക ശക്തമാണ്. സംഭവത്തിന് പിന്നാലെ വൈറ്റ് ഹൗസിലെ നാഷണൽ സൈബർ ഡയറക്ടർ സീൻ കെയർൺക്രോസിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനത്തുനിന്ന് നീക്കി.

എൻ.എസ്.എ, സി.ഐ.എ, എഫ്.ബി.ഐ, എഫ്.എ.എ തുടങ്ങിയ പ്രധാന ഫെഡറൽ ഏജൻസികളുടെ നെറ്റ്‌വർക്കുകളിൽ അടുത്തിടെ തുടർച്ചയായി സൈബർ ആക്രമണങ്ങളും സാങ്കേതിക തടസങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേനയുടെ ക്ലൗഡ് സംവിധാനത്തിലും സുരക്ഷാവീഴ്ചയുണ്ടായെന്ന വിവരം പുറത്തുവരുന്നത്. അമേരിക്കയുടെ ഫെഡറൽ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഇതോടെ ചോദ്യങ്ങളുയരുകയാണ്.

കഴിഞ്ഞ മാസത്തെ സിസ്റ്റം അപ്‌ഗ്രേഡുകൾക്കിടെയാണ് ക്ലൗഡ് വൺ പ്ലാറ്റ്ഫോമിലെ സുരക്ഷാവീഴ്ച കണ്ടെത്തിയത്. ഹാക്കർമാർ എത്രത്തോളം സംവിധാനത്തിനുള്ളിലേക്ക് കടന്നെന്നും ഏതൊക്കെ വിവരങ്ങളാണ് ചോർന്നതെന്നും ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടെ, ഫെഡറൽ ഏജൻസികളിലെ മറ്റ് സൈബർ സുരക്ഷാ പ്രശ്നങ്ങളും ആശങ്ക വർധിപ്പിക്കുന്നുണ്ട്. രാജ്യത്തെ വിമാന ഗതാഗത നിയന്ത്രണ സംവിധാനമായ എഫ്.എ.എയിൽ ഉണ്ടായ തടസത്തെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നതായും പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ആഴ്ച രാജ്യത്തെ നിയമനിർവഹണ ഏജൻസികൾ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന എഫ്.ബി.ഐയുടെ വലിയ ഡാറ്റാബേസിലേക്കും ഹാക്കർമാർ കടന്നുകയറിയിരുന്നു. വെബ്സൈറ്റുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന പി.എച്ച്.പി പ്രോഗ്രാമിങ് ഭാഷയിലെ സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നതിനുള്ള അടിയന്തര അപ്‌ഡേറ്റുകൾക്കിടെ എൻ.എസ്.എയുടെ നെറ്റ്‌വർക്കിലും തടസമുണ്ടായി. രഹസ്യവിവരങ്ങൾ സൂക്ഷിക്കാനും കൈമാറാനും ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് ഈ സമയത്ത് ഓഫ്‌ലൈനായിരുന്നുവെന്നാണ് റിപ്പോർട്ട്.

സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പൊതു സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ സി.ഐ.എയും നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസും ഉപയോഗിക്കുന്ന നെറ്റ്‌വർക്കുകളിലും നുഴഞ്ഞുകയറ്റമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഇതിനിടെയാണ് വൈറ്റ് ഹൗസിലെ സൈബർ സുരക്ഷാ നേതൃത്വത്തിലും മാറ്റമുണ്ടായത്. നാഷണൽ സൈബർ ഡയറക്ടറായിരുന്ന സീൻ കെയർൺക്രോസിനെ ഈ ആഴ്ചയാണ് ട്രംപ് സ്ഥാനത്തുനിന്ന് നീക്കിയത്. ഈ പദവിക്ക് അദ്ദേഹം അനുയോജ്യനല്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ഫെഡറൽ സർക്കാരിന്റെ സൈബർ സുരക്ഷാ നയങ്ങളുടെയും തന്ത്രങ്ങളുടെയും മേൽനോട്ടം വഹിച്ചിരുന്നത് കെയർൺക്രോസായിരുന്നു.

പ്രതിരോധ വകുപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറായ കേർസ്റ്റൺ ഡേവിസിനാണ് താൽക്കാലികമായി ചുമതല നൽകിയിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നുവെന്ന് സ്ഥാനമൊഴിഞ്ഞ ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ കെയർൺക്രോസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide