
ഡിട്രോയിറ്റ്: അമേരിക്കക്കാർ താങ്ക്സ്ഗിവിംഗ് ദിനത്തിൽ ടർക്കി വിഭവങ്ങളുമായി ആഘോഷത്തിൽ മുഴുകുമ്പോൾ, വിരുന്നിനായി കൊല്ലപ്പെട്ട ദശലക്ഷക്കണക്കിന് പക്ഷികളുടെ ആത്മാക്കൾക്ക് ശാന്തി നേർന്ന് യുഎസിലെ ജൈനമത വിശ്വാസികൾ. അഹിംസ എന്ന മതതത്വത്തിലൂന്നി, ‘ജൈന സൊസൈറ്റി ഓഫ് ഗ്രേറ്റർ ഡിട്രോയിറ്റിന്റെ’ ആഭിമുഖ്യത്തിൽ മിഷിഗണിലെ ഫാർമിംഗ്ടൺ ഹിൽസിലുള്ള ക്ഷേത്രത്തിലാണ് പ്രത്യേക പ്രാർത്ഥനാ സമ്മേളനം നടന്നത്.
നവംബർ 26-ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ‘താങ്ക്സ്ഗിവിംഗ് ഡേ നവ്കാർ ജാപ്’ എന്ന പേരിലുള്ള ചടങ്ങ്. ജൈന യുവജന വിഭാഗമായ ‘ജോയ്’ (JOY – Jain Organization of Youth Activities) ആണ് വർഷങ്ങളായി ഈ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത്. പ്രഭാതഭക്ഷണം തയ്യാറാക്കി വിളമ്പിയ യുവജനങ്ങൾ, മുതിർന്നവർക്കൊപ്പം ചേർന്ന് ജൈനമതത്തിലെ ഏറ്റവും പവിത്രമായ നവ്കാർ മന്ത്രം ഉരുവിട്ടു. മനുഷ്യരെപ്പോലെ തന്നെ എല്ലാ ജീവജാലങ്ങൾക്കും ആത്മാവുണ്ടെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ഈ ആചാരം.
മിഷിഗണിൽ മാത്രമല്ല, അമേരിക്കയിലുടനീളമുള്ള രണ്ട് ലക്ഷത്തോളം വരുന്ന ജൈന സമൂഹം താങ്ക്സ്ഗിവിംഗ് ദിനത്തിന് തനതായ ആചാരങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. പ്രാർത്ഥനകൾക്ക് പുറമെ ഉപവാസം, പാവപ്പെട്ടവർക്ക് ഭക്ഷണം നൽകൽ, സസ്യാഹാര വിരുന്നുകൾ എന്നിവയും ഇവർ സംഘടിപ്പിക്കുന്നു.
നന്ദി പ്രകടിപ്പിക്കുന്ന ദിനത്തിൽ പക്ഷികളെ കൊല്ലുന്ന അമേരിക്കൻ രീതി ആദ്യകാല കുടിയേറ്റക്കാർക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. “എന്തുകൊണ്ടാണ് ഒരു വളർത്തുമൃഗത്തിന്റെ ജീവൻ ഒരു പക്ഷിയുടെ ജീവനേക്കാൾ പ്രധാനമാകുന്നത്?” എന്ന് കുട്ടിക്കാലത്ത് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ അമി ദോഷി ചോദിക്കുന്നു. എന്നാൽ രണ്ടാം തലമുറയിലെ ജൈന അമേരിക്കക്കാർക്ക് തങ്ങളുടെ പൈതൃകത്തെയും അമേരിക്കൻ സംസ്കാരത്തെയും കൂട്ടിയിണക്കാനുള്ള വേദിയായി ഈ ദിനം മാറിക്കഴിഞ്ഞു.
താങ്ക്സ്ഗിവിംഗും ടർക്കി വിരുന്നും
1621-ൽ ഇംഗ്ലീഷ് കുടിയേറ്റക്കാരും തദ്ദേശീയരായ വാമ്പനോഗ് ജനതയും നടത്തിയ വിളവെടുപ്പ് വിരുന്നിലാണ് താങ്ക്സ്ഗിവിംഗിന്റെ തുടക്കം. എന്നാൽ അന്ന് ടർക്കി വിളമ്പിയിരുന്നതിന് തെളിവുകളില്ല. 1863-ൽ പ്രസിഡന്റ് എബ്രഹാം ലിങ്കൺ ആണ് ഇത് ദേശീയ അവധിദിനമാക്കി മാറ്റിയത്. കുടുംബാംഗങ്ങൾക്കെല്ലാം തികയുന്നത്ര വലിയ പക്ഷിയായതിനാലും വാണിജ്യ കോഴിവളർത്തൽ വ്യാപകമായതിനാലുമാണ് ടർക്കി ഈ ആഘോഷത്തിന്റെ പ്രധാന വിഭവമായത്.
യുഎസ് കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് ഓരോ വർഷവും താങ്ക്സ്ഗിവിംഗ് ദിനത്തിൽ മാത്രം 4.6 കോടിയിലധികം (46 ദശലക്ഷം) ടർക്കികളെയാണ് അമേരിക്കക്കാർ ഭക്ഷിക്കുന്നത്. ഇത്തരം ആഘോഷങ്ങൾക്കിടയിലും എല്ലാ ജീവജാലങ്ങളോടും അനുകമ്പ കാണിച്ചുകൊണ്ടാണ് ജൈന സമൂഹം താങ്ക്സ്ഗിവിംഗ് ആചരിക്കുന്നത്.
Thanksgiving: As America prepares its turkey feast, Jains offer prayers for the peace of the 46 million birds that were slaughtered.















