വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും പ്രചരിപ്പിക്കാൻ നികുതിദായകരുടെ പണം ഉപയോഗിച്ച് വൻ പരസ്യ പ്രചാരണം. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി വൈറ്റ് ഹൗസ് 20 മില്യൺ ഡോളർ ചെലവഴിച്ച് കുറഞ്ഞത് 13 പരസ്യങ്ങളാണ് തയ്യാറാക്കിയത്. ‘God Made Trump’ എന്ന പേരിലുള്ള പരസ്യവും ഇതിൽ ഉൾപ്പെടുന്നു.
ചില പരസ്യങ്ങൾ ഇതുവരെ സംപ്രേഷണം ചെയ്തിട്ടില്ല. യുഎസ് സൈന്യത്തെയും ഇറാനിലെയും വെനസ്വേലയിലെയും സൈനിക നടപടികളെയും കേന്ദ്രീകരിച്ചുള്ള മൂന്ന് പരസ്യങ്ങളും വൈറ്റ് ഹൗസിൽ ട്രംപ് സംഘടിപ്പിച്ച യുഎഫ്സി പരിപാടിയെക്കുറിച്ചുള്ള പരസ്യവും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, നികുതിദായകരുടെ പണം ഇത്തരം പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ നേതാക്കൾ ചോദ്യം ചെയ്ത് രംഗത്തെത്തി. അതേസമയം, ഇവ പൊതുസേവന പരസ്യങ്ങളാണെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
15 സെക്കൻഡ് മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള 12 പരസ്യങ്ങളുടെ ദൃശ്യങ്ങൾ സിഎൻഎന് ലഭിച്ചു. ഇതിൽ രണ്ടെണ്ണം ഇതിനകം സംപ്രേഷണം ചെയ്തിട്ടുണ്ട്. സർക്കാർ കരാർ ലഭിച്ച എൽഎംഡി എന്ന ഏജൻസിയുടെ ഡ്രോപ്പ്ബോക്സ് അക്കൗണ്ടിലായിരുന്നു ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നത്. ഓരോ പരസ്യത്തിന്റെയും അവസാനം ‘Paid for by the US Government’ എന്ന അറിയിപ്പുമുണ്ട്.
ഇതുവരെ സിബിഎസ്, സിഎൻഎൻ, എംഎസ് നൗ, ഫോക്സ് ന്യൂസ്, ഫോക്സ് തുടങ്ങിയ ടെലിവിഷൻ നെറ്റ്‌വർക്കുകളിൽ മൂന്ന് പരസ്യങ്ങൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. എല്ലാ പരസ്യങ്ങളും ടെലിവിഷനിലൂടെയാണോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണോ പുറത്തുവിടുകയെന്ന് വ്യക്തമല്ല. പല പരസ്യങ്ങളിലും ട്രംപിന്റെ ദൃശ്യങ്ങൾക്കൊപ്പം അദ്ദേഹത്തെ അനുകൂലിക്കുന്ന വാർത്താ പരാമർശങ്ങളുടെ ശബ്ദരേഖയും ഉപയോഗിച്ചിട്ടുണ്ട്. സൈനിക ബിരുദദാന ചടങ്ങുകൾ, മൗണ്ട് റഷ്മോറിന് മുകളിലെ വെടിക്കെട്ട്, സൈനിക വിമാനങ്ങളുടെ ആകാശപ്രകടനം തുടങ്ങിയ ദേശാഭിമാനപരമായ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രഥമ വനിത മെലാനിയ ട്രംപും ചില പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ട്രംപിന്റെ പരസ്പര താരിഫ് പ്രഖ്യാപനം, യുഎസ്-മെക്സിക്കോ അതിർത്തിയിലെ മതിൽ, 2015ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പ്രഖ്യാപിച്ച ദൃശ്യങ്ങൾ എന്നിവയും പരസ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഓട്ടോപെൻ ഒപ്പിന്റെ ചിത്രവും ട്രംപിന്റെ ‘പ്രസിഡൻഷ്യൽ വാക്ക് ഓഫ് ഫെയിം’ൽ ഫ്രെയിം ചെയ്ത് പ്രദർശിപ്പിച്ചിരിക്കുന്നതായി കാണാം.
പരസ്യങ്ങളുടെ നിർമാണത്തിൽ ട്രംപ് നേരിട്ട് ഇടപെട്ടതായും ചില ദൃശ്യങ്ങളും ചിത്രങ്ങളും തിരഞ്ഞെടുക്കുന്നതിൽ പങ്കെടുത്തതായും വിഷയവുമായി ബന്ധപ്പെട്ട ഒരാളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തരുന്നു. വൈറ്റ് ഹൗസിന്റെ വീഡിയോ സംഘമാണ് പരസ്യങ്ങൾ തയ്യാറാക്കിയതെന്ന് ട്രംപിന്റെ രണ്ട് ഉപദേശകർ പറഞ്ഞു. എന്നാൽ കുറഞ്ഞത് ഒരു പരസ്യമെങ്കിലും ട്രംപിനെ അനുകൂലിക്കുന്ന ഒരു മീം ഗ്രൂപ്പാണ് നിർമിച്ചത്.
ഇതിനകം സംപ്രേഷണം ചെയ്ത പരസ്യങ്ങൾക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഡെമോക്രാറ്റിക് പ്രതിനിധി ജാമി റാസ്കിൻ, രാഷ്ട്രീയ പ്രചാരണത്തിനായി സർക്കാർ പണം ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാകാമെന്ന് എക്സിൽ കുറിച്ചു. റിപ്പബ്ലിക്കൻ നേതാക്കളും പരസ്യങ്ങളെ വിമർശിച്ചു. സ്വന്തം സൂപ്പർ പിഎസിയുടെയോ പ്രചാരണ അക്കൗണ്ടിന്റെയോ പണം ഉപയോഗിച്ച് ഇത്തരം സന്ദേശങ്ങൾ നൽകുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ നികുതിദായകരുടെ പണം ഇതിനായി ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും നോർത്ത് കരോലിന സെനറ്റർ തോം ടില്ലിസ് പറഞ്ഞു. നികുതിദായകരുടെ പണം ഉപയോഗിക്കുന്നതിനെ ടെക്സസ് സെനറ്റർ ജോൺ കോർനിനും എതിർത്തു.
പരസ്യ പ്രചാരണത്തിനായി ആകെ 20 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനിൽ നിന്നാണ് ഇതിനുള്ള പണം ലഭിക്കുന്നത്. ഫെഡറൽ ഫണ്ട് പ്രചാരണത്തിനോ പാർട്ടിപരമായ ആശയവിനിമയത്തിനോ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമങ്ങൾ പ്രചാരണം ലംഘിക്കുന്നതായി നിരീക്ഷക സംഘടനകൾ ആരോപിച്ചു. എന്നാൽ പുറത്തുള്ള സംഘടനകൾക്ക് ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള നിയമപരമായ അവകാശമുണ്ടോ എന്നത് വ്യക്തമല്ല.
ഇരുപാർട്ടികളിൽനിന്നും വിമർശനം ഉയർന്നിട്ടും പരസ്യങ്ങൾ തടയാൻ കോൺഗ്രസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സിഎൻഎൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് വൈറ്റ് ഹൗസ് നേരിട്ട് മറുപടി നൽകിയില്ല. പകരം, ട്രംപ് സിഎൻഎന്നിനെ വിമർശിക്കുന്ന പുതുതായി പുറത്തുവിട്ട വീഡിയോയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയായിരുന്നു.
God made Trump’: Inside White House’s $20 million ad campaign ahead of midterms











