
വാഷിങ്‌ടൺ: ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയോടുള്ള സമീപനത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതായി അന്താരാഷ്ട്ര ഗവേഷണ ഏജൻസിയായ ‘പ്യൂ റിസർച്ച് സെന്റർ’ പുറത്തുവിട്ട ആഗോള സർവേ ഫലം വ്യക്തമാക്കുന്നു. ചരിത്രത്തിലാദ്യമായി അമേരിക്കക്കാരിൽ ഭൂരിഭാഗം പേരും ഇന്ത്യയെ അനുകൂലമായല്ല കാണുന്നത്. 50 ശതമാനം അമേരിക്കക്കാരും ഇന്ത്യയെക്കുറിച്ച് പ്രതികൂല അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ, 45 ശതമാനം പേർ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്.
ഇന്ത്യയെക്കുറിച്ചുള്ള അമേരിക്കക്കാരുടെ അഭിപ്രായം അളക്കാൻ തുടങ്ങിയ 2008 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ, ഏറ്റവും കുറഞ്ഞ റേറ്റിങ്ങുകളിൽ ഒന്നാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി അമേരിക്കയിൽ ഇന്ത്യയുടെ ജനപ്രീതി കുറയുന്നതായാണ് റിപ്പോർട്ട്. 2023-ൽ 51 ശതമാനവും, കഴിഞ്ഞ വർഷം (2025) 49 ശതമാനവുമായിരുന്ന അനുകൂല നിലപാടാണ് ഇപ്പോൾ 45 ശതമാനത്തിലേക്ക് ഇടിഞ്ഞത്.
അമേരിക്കയിൽ രാഷ്ട്രീയ-പ്രായാധിഷ്ഠിത ഭിന്നത
അമേരിക്കൻ ഭരണപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളാണ് പ്രതിപക്ഷമായ റിപ്പബ്ലിക്കൻമാരേക്കാൾ കൂടുതൽ ഇന്ത്യയെ പിന്തുണയ്ക്കുന്നത്. ഡെമോക്രാറ്റുകളിൽ 50 ശതമാനവും റിപ്പബ്ലിക്കൻമാരിൽ 42 ശതമാനവും ഇന്ത്യയെ അനുകൂലിക്കുന്നു. ഉദാര ചിന്താഗതിക്കാരായ ലിബറലുകൾക്കിടയിൽ ഇന്ത്യയ്ക്ക് 54 ശതമാനം പിന്തുണയുള്ളപ്പോൾ, കൺസർവേറ്റീവ് (യാഥാസ്ഥിതിക) വിഭാഗത്തിൽ ഇത് 40 ശതമാനം മാത്രമാണ്.
പ്രായമായവർക്കിടയിലാണ് ഇന്ത്യയ്ക്ക് കൂടുതൽ സ്വീകാര്യതയുള്ളത്. 65 വയസ്സിന് മുകളിലുള്ളവരിൽ പകുതി പേരും ഇന്ത്യയെ അനുകൂലിക്കുമ്പോൾ, 18-29 പ്രായക്കാരായ യുവാക്കളിൽ ഇത് 42 ശതമാനമായി ചുരുങ്ങി. 30-49 പ്രായക്കാരിൽ 54 ശതമാനം പേർക്കും ഇന്ത്യയോട് വിയോജിപ്പാണുള്ളത്. അതേസമയം, ഇന്ത്യയുടെ ആഗോള സ്വാധീനത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് 54 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നത്.
ലോകമെമ്പാടുമുള്ള 36 രാജ്യങ്ങളിലായി 42,092 ആളുകളിലാണ് പ്യൂ റിസർച്ച് സെന്റർ സർവേ നടത്തിയത്. ആഗോളതലത്തിൽ ശരാശരി 45 ശതമാനം പേർ ഇന്ത്യയെ അനുകൂലിച്ചപ്പോൾ 41 ശതമാനം പേർ എതിർത്തു.
ശ്രീലങ്കയിലാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ അനുകൂല റേറ്റിങ് ഉള്ളത് (79%). കെനിയ, യുകെ എന്നിവയാണ് 71 ശതമാനം പിന്തുണയോടെ തൊട്ടുപിന്നിൽ. ജർമ്മനി, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളിലും ഭൂരിഭാഗം പേരും ഇന്ത്യയെ അനുകൂലിക്കുന്നു. എന്നാൽ അയൽരാജ്യമായ പാകിസ്താനിൽ വെറും 7 ശതമാനം പേർക്ക് മാത്രമാണ് ഇന്ത്യയോട് നല്ല അഭിപ്രായമുള്ളത്.
ഇന്ത്യയോടുള്ള താല്പര്യത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് ബംഗ്ലാദേശിലാണ്. 2024-ൽ 57 ശതമാനമായിരുന്ന അനുകൂല നിലപാട് 42 ശതമാനമായി കുറഞ്ഞു. തുർക്കി, നൈജീരിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യയോടുള്ള അനുകൂല നിലപാടിൽ 10 ശതമാനത്തിൻ്റെ കുറവുണ്ടായി. അമേരിക്ക, ഇൻഡോനേഷ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലും ഇന്ത്യയോടുള്ള താല്പര്യം കുറഞ്ഞിട്ടുണ്ട്.
അതേസമയം, യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുന്നുണ്ട്. യുകെയിൽ 11 ശതമാനവും, ജർമ്മനിയിൽ 6 ശതമാനവും, ഫ്രാൻസിൽ 11 ശതമാനവും (2023-നെ അപേക്ഷിച്ച്) വർദ്ധനവാണ് ഇന്ത്യയോടുള്ള അനുകൂല നിലപാടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Half of Americans disapprove of India; Pew survey says image has taken a huge hit















