
റിയാദ്/വാഷിംഗ്ടൺ: ഫ്ലൈദുബായ് വിമാനത്തിലെ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഒമാനി സഹപൈലറ്റിനെ സൗദി അറേബ്യ യു.എ.ഇക്ക് കൈമാറി. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പ്രതിയെ സൗദി അധികൃതർ കൈമാറിയത്. വിമാനം രജിസ്റ്റർ ചെയ്തിരിക്കുന്നത് യു.എ.ഇയിലായതിനാലാണ് തുടർനടപടികൾ അവർക്ക് വിട്ടുകൊടുത്തത്. ഭീകരവാദ ബന്ധം, മാനസികാസ്വാസ്ഥ്യം എന്നിവയുൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
യു.എ.ഇയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് 182 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 737 മാക്സ് 8 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രയ്ക്കിടയിൽ കോ-പൈലറ്റ് ക്യാപ്റ്റനെ കുത്തുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് വിമാനം ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചെങ്കിലും സൗദിയിലെ തബൂക്കിൽ അടിയന്തിരമായി ഇറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.
ഈ സംഭവത്തിന് പിന്നിൽ ഇറാന്റെ പങ്കുണ്ടോ എന്നതിനെക്കുറിച്ച് തങ്ങൾ അന്വേഷിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വാർത്താലേഖകരോട് പറഞ്ഞു. കോ-പൈലറ്റും ഇറാനും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി താങ്കൾക്ക് വിവരം ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “ഞങ്ങൾ ഇപ്പോൾ അതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ലഭിക്കുന്ന വിവരങ്ങൾ വെച്ച് നോക്കുമ്പോൾ അതിന്റെ ഉത്തരം ‘അതെ’ (ബന്ധമുണ്ട്) എന്ന് ഞാൻ പറയും. എങ്കിലും അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്”- എന്നായിരുന്നു ട്രംപ് മറുപടി നൽകിയത്.
ഈ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് തെളിഞ്ഞാൽ അമേരിക്ക തിരിച്ചടിക്കുമോ എന്ന് ചോദിച്ചപ്പോൾ ”അതേ, അവർക്ക് നല്ല ശക്തമായ അടി കിട്ടും, നിങ്ങൾ വിഷമിക്കേണ്ട. നിങ്ങൾ അവരോട് തന്നെ പോയി ചോദിക്കൂ, എന്താണ് സംഭവിച്ചതെന്ന് അവർക്കറിയാം. അവർക്ക് കടുത്ത തിരിച്ചടി തന്നെ ലഭിക്കും.” എന്ന പ്രതികരണമാണ് ട്രംപിൽ നിന്നുണ്ടായത്.
എന്തുകൊണ്ടാണ് ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നത് എന്നതിനെക്കുറിച്ച് ട്രംപ് കൂടുതൽ വിശദീകരണങ്ങൾ നൽകിയില്ല. എന്നാൽ സംഭവത്തിൽ ഇറാന്റെ പങ്കിനെക്കുറിച്ച് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്.
സഹപൈലറ്റിന് തീവ്ര ഇസ്‌ലാമിസ്റ്റ് ആശയങ്ങളിൽ സ്വാധീനമുണ്ടായിരുന്നതായും വിമാനം തകർക്കാനാണ് അയാൾ ശ്രമിച്ചതെന്നും നെതന്യാഹു പറഞ്ഞു. കോക്പിറ്റിനുള്ളിൽ നടന്ന കടുത്ത സംഘർഷത്തിനിടയിൽ തന്നെ കൊന്നുകളയാൻ പ്രതി വിമാന ജീവനക്കാരോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ജൂതന്മാർക്കെതിരായ പോസ്റ്റുകൾ ഉണ്ടായിരുന്നതായി ഇസ്രായേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിൽ നിന്നുള്ള പൈലറ്റുമാർക്ക് ഇസ്രായേലിലേക്ക് വിമാനം പറത്തുന്നതിനുള്ള സുരക്ഷാ നിയമങ്ങളിലെ ചില പോരായ്മകൾ പ്രതി മുതലെടുത്തതായും നെതന്യാഹു ആരോപിച്ചു.
ദുരന്തം ഒഴിവാക്കിയത് ഇന്ത്യൻ ക്യാപ്റ്റനും യാത്രക്കാരും
ആക്രമണത്തിൽ കഠിനമായി പരിക്കേറ്റ് ചോരയൊലിക്കുന്ന അവസ്ഥയിലും ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാർ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ കാണിച്ച മനക്കരുത്താണ് വിമാനത്തെ രക്ഷിച്ചത്. വാതിൽ തുറന്നതോടെ യാത്രക്കാർ ഉള്ളിൽക്കടന്ന് സഹപൈലറ്റിനെ കീഴടക്കുകയായിരുന്നു. വെറും ഒരു മിനിറ്റിനുള്ളിൽ 33,000 അടിയിൽ നിന്നും 17,000 അടിയിലേക്കാണ് വിമാനം താഴേക്ക് പതിച്ചത്. ഈ ഘട്ടത്തിൽ ട്രെയിനിംഗിലുള്ള മറ്റ് പൈലറ്റുമാരും യാത്രക്കാരും ചേർന്നാണ് വിമാനം നിയന്ത്രണത്തിലാക്കിയത്. നിലവിൽ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാർ അബുദാബിയിലെ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചു.
Flydubai attack: Trump vows strong response if Iran is involved.














