കമല ഹാരിസ് 2.0! സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിന്‍റെ സൂചനകൾ, പുതിയ രാഷ്ട്രീയ പരീക്ഷണവുമായി മുൻ വൈസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ: 2024-ലെ തിരഞ്ഞെടുപ്പ് കാലത്ത് യുവാക്കൾക്കിടയിൽ തരംഗമായിരുന്ന ‘KamalaHQ’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കമല ഹാരിസ് പുനർനാമകരണം ചെയ്തു. ഇനി മുതൽ ‘Headquarters’ എന്ന പേരിലായിരിക്കും ഈ അക്കൗണ്ടുകൾ അറിയപ്പെടുക. ലിബറൽ ചിന്താഗതിയുള്ള ‘പീപ്പിൾ ഫോർ ദി അമേരിക്കൻ വേ’ എന്ന സംഘടനയുമായി ചേർന്നാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിർത്തലാക്കുന്ന രീതിയിലുള്ള പ്രചാരണ മെഷീനുകൾക്ക് പകരം, വരും തലമുറയ്ക്കായി ഒരു സ്ഥിരം രാഷ്ട്രീയ സംഘാടന ശൃംഖല കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

എക്‌സ്, ടിക്‌ടോക് എന്നിവയ്ക്ക് പുറമെ സബ്സ്റ്റാക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കും ഈ പ്രവർത്തനം വ്യാപിപ്പിക്കും. നിലവിലുള്ള ജനപ്രതിനിധികൾ, കമ്മ്യൂണിറ്റി നേതാക്കൾ, യുവനേതാക്കൾ എന്നിവരെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ഓൺലൈൻ വേദിയായി ഇത് പ്രവർത്തിക്കുമെന്ന് കമല ഹാരിസ് തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും, ഈ പുതിയ നീക്കം കമല ഹാരിസ് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കൺസർവേറ്റീവ് വിഭാഗം ഇത്തരത്തിൽ സ്ഥിരം സംവിധാനങ്ങൾ പണ്ടേ നിർമ്മിച്ചിട്ടുണ്ടെന്നും ഡെമോക്രാറ്റുകളും ഇനി ആ പാത സ്വീകരിക്കണമെന്നുമാണ് പുതിയ ഗ്രൂപ്പിന്റെ നിലപാട്.

More Stories from this section

family-dental
witywide