
തിരുവനന്തപുരത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രാത്രിയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര, തീരദേശ മേഖലകളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പലയിടത്തും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വിതുര, പൊൻമുടി മേഖലകളിൽ മഴ ശക്തമായി തുടരുകയാണ്. വാമനപുരം നദിയുടെ പോഷക നദിയായ മക്കിയാർ കരകവിഞ്ഞൊഴുകുന്നതിനൊപ്പം നദിയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ മേഖലകളിൽ വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വിതുര പഞ്ചായത്തിലെ മണിതൂക്കി, മരുതാമല വാർഡുകളിൽ വെള്ളം കയറിയ വീടുകളിൽ കഴിഞ്ഞിരുന്നവരെ സുരക്ഷിതമായ മറ്റ് വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പേപ്പാറ ഡാമിന്റെ റിസർവോയറിൽ നിന്നുള്ള വെള്ളം റോഡിലേക്ക് കയറിയതിനെ തുടർന്ന് പേപ്പാറ പൊടിയക്കാല ആദിവാസി ഊരിയിലേക്കുള്ള വഴികൾ പൂർണ്ണമായും മുങ്ങിയിരിക്കുകയാണ്. ഇതോടെ പൊടിയക്കാല ഊര് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ചെറുപാലങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയും ചെറിയ തോടുകൾ കരകവിഞ്ഞൊഴുകുകയും ചെയ്യുന്നുണ്ട്.
തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തെ ദിവസം സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. വരുന്ന അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും, നദിക്കരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരും. ഒക്ടോബർ 21 മുതൽ 24 വരെയുള്ള തീയതികളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത് എന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Heavy Rains Batter Trivandrum; Night Orange Alert Declared, Podiyakkala Tribal Colony Isolated












