സംസ്ഥാനത്ത് അതിതീവ്ര മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ ഓറഞ്ച്; പാലക്കാട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ കെ. സുധീർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മേളകൾ നടത്താമെന്നും കളക്ടർ അറിയിച്ചു. അതിനിടെ, വയനാട് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന കല്ലിങ്കര ജി.എൽ.പി സ്കൂളിന് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി. ചെൽസാസിനിയും വ്യക്തമാക്കി.

മഴ കനത്തതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടും, മറ്റ് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ മഞ്ഞ അലർട്ടും ആയിരിക്കും. മണിക്കൂറുകൾക്കുള്ളിൽ കനത്ത മഴ പെയ്യുന്ന രീതിയിലുള്ള കാലാവസ്ഥ പ്രതിഭാസമാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന അതിതീവ്ര മഴ മിന്നൽ പ്രളയങ്ങൾക്കും മലവെള്ളപ്പാച്ചിലിനും നഗരങ്ങളിൽ വെള്ളക്കെട്ടിനും കാരണമായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Heavy Rain Continues in Kerala: Holiday for Educational Institutions in Palakkad Tomorrow; Alerts Sounded in Multiple Districts

More Stories from this section

family-dental
witywide