തുലാവർഷത്തിന്‍റെ തുടക്കം തന്നെ പെരുമഴയോടെ! സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതിന് പിന്നാലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തെക്കൻ, മധ്യ കേരളത്തിലെ ഏഴ് ജില്ലകളിലാണ് അതിശക്ത മഴ സാധ്യത പ്രവചിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് പ്രളയസമാനമായ സാഹചര്യങ്ങൾക്ക് വഴിവെച്ചേക്കാവുന്ന കനത്ത മഴ പെയ്യാൻ സാധ്യതയുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

അതേസമയം, വടക്കൻ ജില്ലകളായ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് മഞ്ഞ (യെല്ലോ) അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും ശക്തമായ മഴ സാധ്യതയ കണക്കിലെടുത്ത് മഞ്ഞ അലർട്ട് നിലവിലുണ്ടാകും. വരും ദിവസങ്ങളിലും (ഒക്ടോബർ 19 വരെ) മലയോര മേഖലകളിലും വടക്കൻ ജില്ലകളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണടിച്ചിൽ സാധ്യതകൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രതാ പുലർത്തണം. മീൻപിടുത്ത തൊഴിലാളികളും തീരദേശവാസികളും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Northeast Monsoon Brings Heavy Rains: Orange Alert Issued for 7 Kerala Districts; Rain Forecast for Next 5 Days

More Stories from this section

family-dental
witywide