
തിരുവനന്തപുരം: 15.5 ശതമാനം വരെ വീര്യമുള്ള ഹോർട്ടി വൈൻ ബേക്കറികൾ വഴി വിൽക്കാൻ അനുമതി നൽകിയ നടപടി വൻ വിവാദമായതോടെ തീരുമാനം റദ്ദാക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും അറിയാതെ എക്സൈസ് കമ്മീഷണറേറ്റ് ചാലക്കുടിയിലെ എം.ആർ.സി ബേക്കറിക്ക് ലൈസൻസ് അനുവദിച്ചതാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. സർക്കാരിൻറെ മദ്യനയവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ മന്ത്രിയെ വിവരമറിയിച്ചില്ലെന്ന ഗുരുതര വീഴ്ച കണക്കിലെടുത്ത് അബ്കാരി വിഭാഗത്തിന്റെ ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ തൽസ്ഥാനത്തുനിന്ന് മാറ്റാനും തീരുമാനമായി.
സംഭവം വാർത്തകളിലൂടെ മാത്രം അറിയേണ്ടി വന്നതിൽ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ ഇടതു സർക്കാരിന്റെ കാലത്ത് 2022-23 ലെ മദ്യനയപ്രകാരം രൂപീകരിച്ച സ്മോൾ സ്കെയിൽ വൈനറി റൂൾസിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് നടപടികൾ പുരോഗമിച്ചിരുന്നത്. പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്ന വൈൻ വിൽക്കുന്നതിനായി വിസ്തീർണ്ണ പരിധിയിൽ വരുത്തിയ നിയമഭേദഗതി ചൂണ്ടിക്കാട്ടി ഈ സർക്കാരിന്റെ കാലത്താണ് അപേക്ഷ ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇടതു സർക്കാരിന്റെ നിയമഭേദഗതിയെക്കുറിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയോടും നികുതി സെക്രട്ടറിയോടും നിയമോപദേശം തേടാൻ എക്സൈസ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ലൈസൻസ് നൽകിയത് പൂർണ്ണമായും നിയമപ്രകാരമാണെന്ന നിലപാടിൽ എക്സൈസ് കമ്മീഷണറേറ്റ് ഉറച്ചുനിൽക്കുമ്പോൾ, ഒന്നും അറിഞ്ഞില്ലെന്ന സർക്കാരിന്റെ വാദത്തെ ചോദ്യം ചെയ്ത് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷും രംഗത്തെത്തിയിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനാനുമതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഹോർട്ടി വൈൻ ലൈസൻസ് വിതരണം രാഷ്ട്രീയ തലത്തിലും വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.
Horti-Wine Sale via Bakeries: Kerala Govt to Revoke Permission; Action Against Excise Deputy Commissioner










