സാംബശിവ റാവുവിന്‍റെ ഉത്തരവിന് റെഡ് സിഗ്നൽ, സിയാലിലെ മൂന്നാമത്തെ ബാർ ലൈസൻസ് റദ്ദാക്കി; ഉദ്യോഗസ്ഥർക്കെതിരായ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന് മന്ത്രി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) മൂന്നാമത്തെ ടെർമിനലിൽ ബാർ നടത്താൻ മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവു നൽകിയ അനുമതി പത്രം സർക്കാർ റദ്ദാക്കി. നിലവിൽ ചുമതലയിലുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജയശങ്കറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പുതിയ മദ്യനയം വരുന്നത് വരെ ബാർ ലൈസൻസ് നൽകരുതെന്ന സർക്കാരിന്റെയും എക്സൈസ് മന്ത്രി എം. ലിജുവിന്റെയും വ്യക്തമായ നിർദ്ദേശം മറികടന്നാണ് എക്സൈസ് കമ്മീഷണറായിരുന്ന ശ്രീറാം സാംബശിവറാവു സിയാലിലെ മൂന്നാമത്തെ ബാറിന് അനുമതി പത്രം അനുവദിച്ചത്.

സിയാലിലെ മൂന്ന് ടെർമിനലുകളിലായി ബാർ നടത്താൻ എത്തിയ മൂന്ന് അപേക്ഷകളിൽ രണ്ടെണ്ണത്തിന് നേരത്തെ തന്നെ ലൈസൻസ് നൽകിയിരുന്നു. എന്നാൽ മൂന്നാമത്തെ ലൈസൻസ് അനുവദിക്കരുതെന്ന് സർക്കാർ രേഖാമൂലം നിർദ്ദേശിച്ചിരുന്നെങ്കിലും നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അനുമതി പത്രം നൽകുകയായിരുന്നു. തുടർന്ന് ശ്രീറാം സാംബശിവറാവുവിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷമാണ് സർക്കാർ ഇടപെട്ട് ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും റദ്ദാക്കിയത്. അതേസമയം, ചട്ടപ്രകാരം പ്രവർത്തനം ആരംഭിച്ച മറ്റ് രണ്ട് ബാറുകളുടെ ലൈസൻസ് റദ്ദാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.

അതിനിടെ, വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപിച്ച് ശ്രീറാം സാംബശിവറാവു നൽകിയ റിപ്പോർട്ടിന്മേൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഉറച്ച നിലപാടിലാണ് എക്സൈസ് മന്ത്രി എം. ലിജു. ശ്രീറാം സാംബശിവറാവു എക്സൈസ് കമ്മീഷണറായിരിക്കെ നൽകിയ അനുമതികളും മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ ബാർ ലൈസൻസ് അനുമതികളും വിജിലൻസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് സർക്കാർ നീക്കം നടത്തുന്നത്.

CIAL Third Bar License Clearance Cancelled; Excise Minister Pushes for Vigilance Probe Into Officer Corruption

More Stories from this section

family-dental
witywide