പുതിയ മദ്യനയം പ്രഖ്യാപിക്കുംമുമ്പേ മന്ത്രിയുടെ അനുമതിയില്ലാതെ ബാർ ലൈസൻസ് നൽകി; രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് സസ്പെൻഷന് നീക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ്, അനുമതിയില്ലാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകാൻ നീക്കം. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷിബു പി. എൽ. എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വകുപ്പിന്റെ അടിയന്തര നടപടി.

പുതിയ മദ്യനയത്തിൽ അന്തിമ തീരുമാനമാകുന്നതുവരെ പുതിയ ലൈസൻസുകൾ നൽകരുതെന്ന് സർക്കാരും മന്ത്രിയും കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശം മറികടന്ന് ഉദ്യോഗസ്ഥർ ഫയലുകളിൽ ഒപ്പിട്ട് അനുമതി നൽകുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എറണാകുളത്തെ രണ്ടും കോട്ടയത്തെ ഒന്നും ഉൾപ്പെടെ മൂന്ന് ബാറുകൾക്കാണ് (ബിയർ, വൈൻ പാർലർ ലൈസൻസുകൾ തരംമാറ്റി) ഇത്തരത്തിൽ ലൈസൻസ് നൽകിയത്.

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ ചില നിയമ ഭേദഗതികൾ ദുരുപയോഗം ചെയ്താണ് ഉദ്യോഗസ്ഥർ ഈ നടപടി സ്വീകരിച്ചതെന്നാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തൽ. സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Bar licenses issued without the Minister’s approval before the announcement of the new liquor policy; two Deputy Excise Commissioners suspended.

More Stories from this section

family-dental
witywide