ഇറാൻ തിരിച്ചടി തുടർന്നാൽ ശക്തമായ പ്രത്യാഘാതമുണ്ടാകും, ആരും കണ്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരമായിരിക്കും നേരിടേണ്ടി വരിക- ട്രംപിൻ്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇറാൻ തിരിച്ചടി തുടരുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ അത്തരത്തിൽ പ്രവർത്തിച്ചാൽ അമേരിക്കയിൽ നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിക്ക് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം.

ഞായറാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് ഇങ്ങനെ പറഞ്ഞു: “ഇന്നത്തെ ദിവസം വളരെ കഠിനമായി പ്രഹരിക്കുമെന്നും മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്ത രീതിയിലുള്ള ആക്രമണം നടത്തുമെന്നും ഇറാൻ പ്രസ്താവിച്ചിട്ടുണ്ട്. അവർ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാരണം അവർ അങ്ങനെയൊന്ന് ചെയ്താൽ, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരമായിരിക്കും അവർക്ക് നേരിടേണ്ടി വരിക!” – അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച പുലർച്ചെ ഇറാനിലെ ആണവ കേന്ദ്രങ്ങളും പ്രതിരോധ മന്ത്രാലയവും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്. ഈ ആക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. പിന്നാലെ ഇറാനും ഇത് സ്ഥിരീകരിക്കുകയായിരുന്നു.

If Iran continues to retaliate, there will be a severe impact, they will face a blow like no one has ever seen before – Trump warns