ട്രംപ് നിർഭര ഭാരതം: എല്ലാം ട്രംപ് തീരുമാനിച്ചു, പ്രഖ്യാപിച്ചു

ഇന്ത്യ അമേരിക്ക വ്യാപാര കരാർ അന്തിമമായെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ഇട്ടു. മോദിയെ ഫോണിൽ വിളിച്ചു എന്ന വിവരം പുറത്തു വന്നതിനു പിന്നാലെയായിരുന്നു ട്രംപിൻ്റെ ഏകപക്ഷീയമായ അറിയിപ്പ് വന്നത്. പിന്നാലെ ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി എക്സിൽ കുറിപ്പിട്ടു, പക്ഷേ അതിൽ കരാർ സംബന്ധിച്ച ഒരു വിവരവും ഉണ്ടായിരുന്നില്ല.പിന്നീട് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അമേരിക്കയുമായി കരാർ ധാരണയിലെത്തിയെന്ന് സ്ഥിരീകരിച്ചു.

തീരുവ കുറച്ചതിന് പകരമായി റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകമാകുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ, യുഎസിൻ്റെ ഊർജ, സാങ്കേതിക, കാർഷിക, മേഖലയിൽനിന്ന് 50,000 കോടി ഡോളറിൻ്റെ ( 45.5 ലക്ഷം കോടി രൂപ) ഉൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതിനുപകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ ഇന്ത്യ വാങ്ങിയേക്കുമെന്നും പറഞ്ഞിട്ടുണ്ട്. അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ പൂർണമായും ഇളവുചെയ്യാനും തീരുവയിതര നിയന്ത്രണങ്ങൾ എടുത്തുകളയാനും ഇന്ത്യ സന്നദ്ധമായിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

കേന്ദ്രസർക്കാർ അടുത്ത സാമ്പത്തിക വർഷം ചെലവാക്കാനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 53. 45 ലക്ഷം കോടി രൂപയാണ്. യുഎസുമായി 50,000 കോടി ഡോളറിൻ്റെ വ്യാപാരം നടത്തുമെന്ന് പറഞ്ഞാൽ ആ തുകയുടെ ഏതാണ്ട് 85 ശതമാനം യുഎസ് ഉൽപന്നങ്ങൾ വാങ്ങും എന്നു വേണം മനസ്സിലാക്കാൻ.

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ച വിവരം പോലെ വ്യാപാര കരാർ വിശദാംശങ്ങൾ ട്രംപിൽ നിന്നാണ് ഇന്ത്യക്കാർക്ക് അറിയാൻ സാധിച്ചത്. ട്രംപും മോദിയും ഇന്നലെ ഫോൺ സംഭാഷണം നടത്തിയ വിവരം ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറാണ് ഇന്ത്യക്കാരെ അറിയിച്ചത്. ഇന്ത്യ – യുഎസ് കരാർ സാധ്യമാകാത്തത് മോദി ട്രംപിനെ വിളിക്കാത്തത് കൊണ്ടാണ് എന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാദം ശരിവയ്ക്കും വിധം മോദി- ട്രംപ് ഫോൺ സംഭാഷണത്തിനു ശേഷം കരാർ പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

India us deal Trump will decide and announce everything

More Stories from this section

family-dental
witywide