അമേരിക്കൻ സ്പേസ് മ്യൂസിയത്തിൽ ഇനി ഇന്ത്യൻ തിളക്കം; മംഗൾയാൻ ദൗത്യത്തിൽ ഇസ്രോ ശാസ്ത്രജ്ഞ ധരിച്ച സാരി പ്രദർശനത്തിന്!

വാഷിംഗ്ടൺ: അമേരിക്കയിലെ ലോകപ്രശസ്തമായ ⁠സ്മിത്‌സോണിയൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ ഇന്ത്യയുടെ അഭിമാന നിമിഷത്തിൻ്റെ അടയാളമായി ഇന്ത്യൻ സാരി പ്രദർശനത്തിന് വെച്ചു. ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ ‘മംഗൾയാൻ’ ബഹിരാകാശ ദൗത്യത്തിൻ്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടറും ഇസ്രോയിലെ (ഐഎസ്ആർഒ) പ്രമുഖ ശാസ്ത്രജ്ഞയുമായ നന്ദിനി ഹരിനാഥിൻ്റെ സാരിയാണ് മ്യൂസിയത്തിൻ്റെ ബഹിരാകാശ ശേഖരത്തിലേക്ക് തിരഞ്ഞെടുത്തത്. ഗ്രഹാന്തര ശാസ്ത്ര ചരിത്രവുമായി ബന്ധപ്പെട്ട് സ്മിത്‌സോണിയൻ മ്യൂസിയം സ്വന്തമാക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വസ്തുവാണിത്.

2013 നവംബർ 30-നായിരുന്നു മംഗൾയാൻ ദൗത്യത്തിലെ ഏറ്റവും നിർണ്ണായകമായ ‘ട്രാൻസ്-മാഴ്സ് ഇൻജക്ഷൻ’ പ്രക്രിയ നടന്നത്. പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മാറ്റി ചൊവ്വയിലേക്കുള്ള 300 ദിവസത്തെ യാത്രയിലേക്ക് വിജയകരമായി വഴിതിരിച്ചുവിട്ട ആ നിർണ്ണായക ദിനത്തിൽ കൺട്രോൾ റൂമിൽ വെച്ച് നന്ദിനി ഹരിനാഥ് ധരിച്ചിരുന്ന ജ്യാമിതീയ രൂപങ്ങളുള്ള ചുവപ്പും നീലയും കലർന്ന സാരിയാണിത്. മംഗൾയാൻ ദൗത്യം വൻ വിജയമായതോടെ ഇസ്രോ കൺട്രോൾ റൂമിൽ സാരി ധരിച്ച വനിതാ ശാസ്ത്രജ്ഞർ കെട്ടിപ്പിടിച്ചും മധുരം പങ്കുവെച്ചും സന്തോഷം ആഘോഷിക്കുന്ന ചിത്രങ്ങൾ ലോകമെമ്പാടും വൈറലായിരുന്നു.

റോക്കറ്റ് സയൻസ് പുരുഷന്മാരുടെ മാത്രം മേഖലയാണെന്ന ആഗോള ധാരണകളെ തിരുത്തിക്കുറിച്ച ആ ചിത്രമാണ് തന്നെ ഈ സാരി മ്യൂസിയത്തിൽ എത്തിക്കാൻ പ്രേരിപ്പിച്ചതെന്ന് സ്പേസ് ഹിസ്റ്ററി ക്യൂറേറ്ററായ മാറ്റ് ഷിൻഡെൽ പറയുന്നു. 2021-ലാണ് നന്ദിനി ഹരിനാഥ് ഈ സാരി മ്യൂസിയത്തിന് സമ്മാനിച്ചത്.

മ്യൂസിയത്തിലെ ‘ഫ്യൂച്ചേഴ്സ് ഇൻ സ്പേസ്’ എന്ന ഗാലറിയിൽ ഒരു ഡമ്മിയിലാണ് ഈ സാരി മനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നത്. 1983-ൽ ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കൻ വനിതയെന്ന റെക്കോർഡ് സ്ഥാപിച്ച സാലി റൈഡ് തൻ്റെ ചരിത്രപരമായ ദൗത്യത്തിൽ ധരിച്ചിരുന്ന പ്രശസ്തമായ നീല ടി-ഷർട്ടിന് തൊട്ടടുത്താണ് ഈ ഇന്ത്യൻ സാരിക്ക് സ്ഥാനം നൽകിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. വിവിധ ബഹിരാകാശ കളിപ്പാട്ടങ്ങൾ, സയൻസ് ഫിക്ഷൻ മൂവി പോസ്റ്ററുകൾ എന്നിവയും ഇതിനൊപ്പം പ്രദർശിപ്പിച്ചിരിക്കുന്നു.

ഈ ഇന്ത്യൻ സാരിയിലൂടെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് സന്ദർശകരിലേക്ക് എത്തിക്കാൻ മ്യൂസിയം ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യത്തിന്റെ വൻ വിജയവും രാജ്യത്തിൻ്റെ ബഹിരാകാശ കരുത്തും ലോകത്തിന് മുന്നിൽ കാണിക്കുക എന്നതും, നന്ദിനി ഹരിനാഥിൻ്റെ വിജയഗാഥയിലൂടെ ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്ക് കടന്നുവരാൻ കൂടുതൽ പെൺകുട്ടികൾക്ക് പ്രചോദനം നൽകുക എന്നതുമാണത്.

കൂടാതെ, ബഹിരാകാശ രംഗത്ത് അടുത്തിടെയുണ്ടായ വൻ കുതിച്ചുചാട്ടങ്ങളെക്കുറിച്ചും, ഭാവിയിൽ ആരാണ് ബഹിരാകാശത്തേക്ക് പോകേണ്ടത്, എന്തിനാണ് നമ്മൾ പോകുന്നത് തുടങ്ങിയ വലിയ ചോദ്യങ്ങളെക്കുറിച്ചും ജനങ്ങളിൽ കൗതുകവും ചിന്തയും ഉണർത്താനാണ് ഈ പ്രദർശനത്തിലൂടെ സ്മിത്‌സോണിയൻ മ്യൂസിയം ലക്ഷ്യമിടുന്നത്.

Indian brilliance now on display at American Space Museum; Saree worn by ISRO scientist during Mangalyaan mission on display!

More Stories from this section

family-dental
witywide