മദ്യപിച്ച് വാഹനമോടിച്ച് യുവതിയെ ഇടിച്ചുകൊന്നു; കാലിഫോർണിയയിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കാലിഫോർണിയ: മദ്യലഹരിയിൽ വാഹനമോടിച്ച് യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ 31കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. ഫ്രെസ്നോ കൗണ്ടി സ്വദേശിയായ സുനിലിനെയാണ് മദ്യലഹരിയിലായിരിക്കെ വാഹനമിടിച്ച് മരണത്തിന് കാരണമായെന്ന കുറ്റം ഉൾപ്പെടെ ഒന്നിലധികം ഗുരുതര കേസുകൾ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ആഴ്ച ആദ്യം നടന്ന അപകടവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കി.

അപകടത്തിൽ 26കാരിയായ ഡെലിയ വല്ലഡാരസ് സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. കാലിഫോർണിയ ഹൈവേ പട്രോൾ (CHP) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബുധനാഴ്ച പുലർച്ചെയാണ് ഈസ്റ്റണിൽ വാഹനാപകടം നടന്നതായി വിവരം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരോട് മണിക്കൂറുകൾക്ക് മുമ്പ് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ഇടിച്ചതാണെന്നായിരുന്നു സുനിൽ പറഞ്ഞത്.

എന്നാൽ സുനിലിന്റെ വാഹനത്തിനുണ്ടായ കേടുപാടുകളും ഇയാൾ വിവരിച്ച അപകടവും തമ്മിൽ പൊരുത്തമില്ലെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഒരു കാൽനടയാത്രക്കാരിയെ ഇടിച്ചെന്നും അപകടസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെന്നും സുനിൽ സമ്മതിച്ചതായി CHP അറിയിച്ചു.

തുടർന്ന് അന്വേഷണ സംഘം സമീപപ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ എൽം, അമേരിക്കൻ അവന്യൂസിന് സമീപം വല്ലഡാരസിന്റെ മൃതദേഹം കണ്ടെത്തി. സുനിലിന്റെ വാഹനത്തിൽനിന്ന് വീണതാണെന്ന് കരുതുന്ന അവശിഷ്ടങ്ങളും ഇവിടെനിന്ന് ലഭിച്ചു. വാഷിങ്ടൺ യൂണിയൻ ഹൈസ്കൂളിന് സമീപമുള്ള വില്യമെറ്റ് അവന്യൂവിലെ ഒരു വീട്ടിൽ നിന്നാണ് സുനിലിനെ പിന്നീട് അറസ്റ്റ് ചെയ്തത്.

മദ്യലഹരിയിൽ വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമാകുന്നത് മനുഷ്യജീവന് ബോധപൂർവം അവഗണന കാണിക്കുന്നതിന് തുല്യമാണ് എന്ന് നിയമവിദഗ്ധൻ ടോണി കപോസി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന് ശേഷം കടന്നുകളഞ്ഞത് കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ശിക്ഷ ഗണ്യമായി വർധിക്കാൻ ഇടയാക്കും.

മദ്യലഹരിയിൽ വാഹനമോടിക്കുമ്പോൾ വാഹനം മാരകായുധത്തിന് തുല്യമാണെന്നും ഇതാണ് സുനിലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റത്തിന്റെ ഗൗരവമെന്നും വാഹനമിടിച്ച് മരണത്തിന് കാരണമായ കുറ്റത്തിന് ലഭിക്കുന്ന ശിക്ഷയ്ക്ക് പുറമെ നാല് മുതൽ അഞ്ച് വർഷം വരെ അധിക തടവ് ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സുനിലിനെതിരെ നേരത്തെ മദ്യപിച്ച് വാഹനമോടിച്ചതുമായി (DUI) ബന്ധപ്പെട്ട കേസുകളൊന്നും ഉണ്ടായിരുന്നില്ല. സംഭവസമയത്ത് എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ പോലും തിരിച്ചറിയാൻ കഴിയാത്തത്ര മദ്യലഹരിയിലായിരുന്നോ സുനിൽ എന്നതും അന്വേഷണത്തിൽ പ്രധാന ചോദ്യമാണെന്നും കപോസി പ്രതികരിച്ചു..

Indian man arrested and charged in California for drunk driving, running over a woman and then fleeing the scene

More Stories from this section

family-dental
witywide