
ഷെൻഷെൻ (ചൈന): ആണവായുധ നിർമ്മാണത്തിൽ നിന്ന് പിന്തിരിപ്പിക്കപ്പെട്ടതോടെ ഇറാൻ ഇപ്പോൾ മാരകമായ രാസവാതകങ്ങളും ജൈവായുധങ്ങളും (ബയോളജിക്കൽ വെപ്പൺസ്) നിർമ്മിക്കാൻ ശ്രമിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടൺ ഡി.സിയിൽ ‘ഡേർട്ടി ബോംബ്’ (റേഡിയോ ആക്ടീവ് വസ്തുക്കൾ അടങ്ങിയ ബോംബ്) ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.
ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. “ആണവായുധ നിർമ്മാണം വളരെ പ്രയാസകരമാണ്. ഞങ്ങൾ ആ വഴി അടച്ചതോടെ ഇറാൻ ഇപ്പോൾ വാതകങ്ങളിലേക്കും ജൈവായുധങ്ങളിലേക്കും തിരിഞ്ഞിരിക്കുകയാണ്. അവർ മറ്റ് ചില കാര്യങ്ങളും പരീക്ഷിക്കുന്നുണ്ട്; ഇത് ഒട്ടും നല്ലതല്ല,” ട്രംപ് പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താതെ, ജനുവരി ഒന്നിന് ശേഷം “എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിംഗ്ടണിൽ ഡേർട്ടി ബോംബ് സ്ഫോടനം നടത്തി യു.എസ്. ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനുള്ള നീക്കങ്ങളെക്കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചില സൂചനകൾ ലഭിച്ചതായി സി.എൻ.എൻ ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വിവരങ്ങളുടെ ആധികാരികത ഇതുവരെ പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എ.ബി.സി ന്യൂസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം പുറത്തുവന്നത്.
അതേസമയം , ഏതുസമയത്തും ഇറാൻ ആക്രമിക്കുമെന്ന ആശങ്കയിൽ വാഷിംഗ്ടൺ ഡി.സിയിലെ താമസക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ട്രംപ് ഉറപ്പുനൽകി. അത്തരമൊരു ആക്രമണത്തിന് മുതിർന്നാൽ അമേരിക്ക അവരെ “പൂർണ്ണമായും തുടച്ചുനീക്കും” എന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം ഇറാന് നൽകി.
Iran is attempting to develop biological weapons and gases, said Trump















