സൗദി അറേബ്യയിലെ കിഴക്കൻ നഗരമായ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. യെമനിലെ ഹൂതി വിമതരുടെ ആക്രമണം ശക്തമാകുന്നതിനിടെയാണ് സംഭവം. മരിച്ച രണ്ടാമത്തെയാൾ സൗദി പൗരനാണെന്ന് രാജ്യത്തെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യാഴാഴ്ച അറിയിച്ചു.
ആക്രമണത്തിൽ ഇന്ത്യ, യെമൻ, ബംഗ്ലാദേശ് സ്വദേശികളടക്കം എട്ടുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ബംഗ്ലാദേശ് പൗരത്വമുള്ള സൗദി താമസക്കാരനുമുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ദുരിതബാധിത കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും എംബസി എക്സിൽ പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലായതായും അധികൃതർ വ്യക്തമാക്കി. ഈ മാസം ഇറാന്റെ പിന്തുണയുള്ള ഹൂതി സേനയുടെ തുടർച്ചയായ ആക്രമണങ്ങൾ സൗദി അറേബ്യ നേരിടുന്നുണ്ട്. വർഷങ്ങൾക്കിടയിലെ രാജ്യത്തെ ഏറ്റവും മാരകമായ ആക്രമണമായ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആക്രമണവും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, എണ്ണസംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ വിജയകരമായി തകർത്തതിനെത്തുടർന്ന് താഴെ വീണ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സൗദി ഊർജ മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു.
Indian national among 2 killed in attack on Saudi Arabia’s King Fahd airport














