റിയാദിലെ സാമ്പത്തിക കേന്ദ്രത്തിൽ ആക്രമണം; 11 പേർക്ക് പരുക്ക്, ഇന്ത്യക്കാരിൽ മലയാളികളുമെന്ന് സൂചന

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു. നവംബർ 24 ചൊവ്വാഴ്ചയാണ് സംഭവം. ഹൂതി മിലിഷ്യയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

പരുക്കേറ്റവരിൽ രണ്ട് സൗദി പൗരന്മാരും രണ്ട് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും നാല് ഈജിപ്തുകാരും ഉൾപ്പെടുന്നു. പരുക്കേറ്റ ഇന്ത്യക്കാരിൽ മലയാളികളും ഉണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇവരുടെ പേരും മറ്റ് വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

സംഭവത്തെത്തുടർന്ന് സിവിൽ ഡിഫൻസ് വിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും സ്വീകരിച്ചു. സാമ്പത്തിക കേന്ദ്രത്തിലെ കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണമെന്ന് സൗദി സഖ്യസേന വിശേഷിപ്പിച്ചു. പ്രദേശത്ത് സുരക്ഷാ ഏജൻസികളുടെ പരിശോധന തുടരുകയാണ്.