ഹോർമുസ് തുറക്കാനും സംഘർഷം അവസാനിപ്പിക്കാനും ഇറാൻ റെഡി, ഏഴുദിന പദ്ധതിയുടെ ‘റോഡ്മാപ്പ്’ അമേരിക്കക്ക് കൈമാറിയെന്ന് വിദേശകാര്യ മന്ത്രി

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും അമേരിക്കയുമായി ആണവപരിപാടി സംബന്ധിച്ച സമഗ്ര ചർച്ചകൾ പുനരാരംഭിക്കാനുമുള്ള ഏഴുദിന പദ്ധതി മുന്നോട്ട് വെച്ച് ഇറാൻ. ഇടനിലക്കാർ മുഖേന ഈ പദ്ധതിയുടെ ‘റോഡ്മാപ്പ്’ അമേരിക്കയ്ക്ക് കൈമാറിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ധാരണയിലെത്തുന്നതാണ് ഉചിതമെന്നും തങ്ങളുടെ ഉപാധികൾ അംഗീകരിക്കുകയാണെങ്കിൽ ഏഴാം ദിവസത്തോടെ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നുമാണ് ഇറാന്റെ നിർദേശം.

ജൂണിൽ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനരേഖകളോട് സാമ്യമുള്ളതാണ് പുതിയ നിർദേശമെന്ന് യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ അരാഗ്ചി അറിയിച്ചു. ജർമൻ വിദേശകാര്യ മന്ത്രി യോഹാൻ വാഡെഫുളുമായി നടത്തിയ കൂടിക്കാഴ്ചയിലും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഇറാന്റെ വ്യവസ്ഥകളും ആവശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു. ഇറാനെതിരായ യുഎസ് ഇടപെടലുകളും ആക്രമണങ്ങളും അവസാനിച്ചാൽ മാത്രമേ മേഖലയിൽ സുരക്ഷ പുനഃസ്ഥാപിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവപരിപാടിയുമായി ബന്ധപ്പെട്ട് നയതന്ത്രത്തിനാണ് ഇറാൻ ഇപ്പോഴും മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുകയായിരുന്നു. കൂടാതെ, ഹോർമുസ് കടലിടുക്കിലെ അസ്ഥിരതയ്ക്ക് ഇറാനെ ഉത്തരവാദിയാക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ നടപടികളെ രൂക്ഷമായി വിമർശിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ജൂണിൽ ഉണ്ടായ ധാരണ തകർത്തതിന്റെ ഉത്തരവാദിത്വം അമേരിക്കയ്ക്കാണെന്ന് ആരോപിച്ചു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെന്നും സൈനിക നടപടിയിലൂടെ അമേരിക്ക നയതന്ത്ര ശ്രമങ്ങളെ തകർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, പ്രശ്നപരിഹാരത്തിനായി ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ ഇപ്പോഴും തയ്യാറാണെന്ന് പെസെഷ്‌കിയാൻ വ്യക്തമാക്കി.

Iran Proposes Seven-Day Plan to Open Strait of Hormuz and End Conflict

More Stories from this section

family-dental
witywide